അതീതം

Poem

അതീതം


സ്ഥലകാലങ്ങളുടെ
പരിമിതികൾക്കപ്പുറത്ത്
വെളിച്ചത്തിനും
ഇരുട്ടിനുമിടയിലെ
സ്ഫടിക സമുദ്രത്തിൽ,
നിത്യനിദ്രയിൽ
ഒരു വാക്ക്,
എല്ലാ ഭാഷയിലും 
അതിന് ഒരേ അർത്ഥം

വ്യാകരണത്തിൻ്റെ കടുത്ത
വേലികൾക്കപ്പുറത്തായി
കൂട്ടം തെറ്റി നിൽക്കുന്ന
കുട്ടികൾക്കിടയിൽ
അതിൻ്റെ മുഴക്കം

നഗരങ്ങളിൽ നിന്ന്
ഉൾവനങ്ങളിലേക്കും
ശബ്ദത്തിൽ നിന്ന് 
ശാന്തതയിലേക്കും
അതിൻ്റെ പലായനം

മൗനത്തിൻ്റെ
നേർത്ത ചരടിൽ കോർത്ത
ശംഖുപുഷ്പം
താഴ്‌വരയുടെ മടിത്തട്ടിലെ 
ഈർപ്പം
വെളുപ്പാൻകാലങ്ങളുടെ
ശലഭശ്വാസം...


Related Articles