ഇരുൾ വിങ്ങുന്ന മാനത്തിൽ
ദുഃഖത്തിൻ ഘനസാഗരം
തുണയറ്റ ഹൃദന്തത്തിൽ
മണ്ണിന്നാകുല ചിന്തകൾ
കണ്ണുനീരിന്റെ രുദ്രാക്ഷം
ദിനമെണ്ണിയൊടുക്കവേ,
എണ്ണതീർന്ന വിളക്കിന്റെ
കരി കണ്ണിൽ കനക്കയായ്.
പുതുകാലപ്രവാഹത്തിൻ
ചുഴിയിൽപ്പെട്ടു സർവ്വവും
ഗതിയറ്റു പിടയ്ക്കുന്നൂ
കരകാണാക്കയങ്ങളിൽ.
നഖം മണ്ണിലമർത്തുന്നൂ
യന്ത്രവേഗങ്ങളെങ്ങുമേ
കുലമറ്റു തെറിക്കുന്നൂ,
നാടിൻ വേരുകൾ നിർദ്ദയം!
അകലേക്കകലേക്കെങ്ങോ
അയൽപക്കമകന്നുപോയ്
അറിയാത്തവർ വന്നെന്റെ,
അതിരിൽ കൊള്ളിവെക്കയായ്!
കരയും കടലും കാടും
പുഴയും മാനവുമൊക്കെയും
പണയപ്പെട്ടതാം ഗ്രാമ-
വ്യഥയെന്നിൽപ്പെരുക്കയായ്
മനസ്സിൽ മൃഗവേഗങ്ങൾ
പടകൂട്ടുന്നു ചുറ്റിലും
അറവാൾച്ചോരയിറ്റുന്നൂ,
തെരുവീഥികൾ തോറുമേ!
വിളക്കുകെട്ടൊരീപ്പാത
കറുക്കും മൂകരാത്രിയിൽ
പതുക്കെയെന്റെയാത്മാവിൽ
ചെവിയോർത്തു കിടന്നു ഞാൻ.
പതിയെ, താരകാരൂപം
തെളിയുന്നെന്നിലാർദ്രമായ്
തിരിനീട്ടുന്നു കൺമുന്നിൽ;
ഇരുൾ നീങ്ങുന്നനുക്ഷണം.
ഒരുവൻ കാത്തുനില്ക്കുന്നൂ
കൈകൾ ചൂണ്ടി വിളിക്കയായ്
അവനിൽ മിഴി കൂർപ്പിച്ചു
പിന്തുടർന്നു നടന്നു ഞാൻ.
അറിയാവഴിയെൻ കൈയിൽ
പിടിച്ചക്കരെയേറ്റുവാൻ
പതിയെ, തുഴ കൈയിൽ ത-
ന്നെന്നെ നേർവ്വഴി കാട്ടിയോ?!
അറിവീല നിലാവിന്റെ-
യേതോ പൂർവ്വികശോഭപോൽ
അറിവിന്റെ കനൽവെട്ടം
അകക്കണ്ണിലുദിച്ചുവോ?!
ഇനിയും മാഞ്ഞുപോകാത്ത
നന്മതൻ കണമുണ്ടതിൽ
കരളിൽ സ്‌നേഹകാരുണ്യ-
വിരലിൻ സ്പർശമുണ്ടതിൽ
അവൻ കാട്ടുന്ന വെട്ടത്തിൻ
പാതയിൽനിന്നു കേൾപ്പു ഞാൻ
വരും കാലക്കിനാവിന്റെ
വാക്കുകൾ, സത്യദീപമായ്
''നിനക്കു മോചനം നല്കാൻ
നിൻ മനഃസാക്ഷി മാത്രമാം
നിൻ നിത്യകർമ്മം നൽകീടും
ഫലം താനതിനാശ്രയം.
നിന്റെ മണ്ണിൽ നിന്നുമേ നീ
വിളയേറ്റുക ഭാഷയിൽ
നിന്റെ ഹൃത്തിൻ കണ്ണിൽ നിന്നേ
കനിവേകുക ഭൂമിയിൽ
നിന്റെ വാക്കു നിനക്കേകും
അന്നവും അഭയങ്ങളും
നിന്റെ കർമ്മം പകർന്നീടും
നിർമ്മലാകാശസാന്ത്വനം.
പരസ്‌നേഹപ്രകാശത്താൽ
തളിർക്കും ജീവസഞ്ചയം
മൃതിയിൽനിന്നു മുക്തിക്കായ്
സ്‌നേഹമൊന്നേ മഹാമതം.''
This poem by Divakaran Vishnumangalam portrays a journey from collective darkness, alienation, and cultural uprooting toward an inner awakening in which a guiding light symbolizing conscience, compassion, and ancestral wisdom leads the narrator to realize that love, truthful action, and rootedness in one’s land are the true paths to liberation.
