പറവയായ് മറവിയായ്
തന്നെ തിരയുന്ന താൻതന്നെയായ്
അലഞ്ഞുമലിഞ്ഞും
ജീവിതം ധൂർത്തടിച്ചും
പറക്കമുറ്റാതെ പൊലിഞ്ഞുപോയീ
സുന്ദരനും, സൗന്ദര്യദേവതതൻ
ഉപാസകനുമാം കവിമാഷ്
കവിതയായിരുന്നു
കവിക്കു കൂടും അന്നവും
എന്നും ചാരത്തണച്ചു
പിടിവിടാതെയനുഗമിച്ച
വടിവൊത്ത പ്രണയിനിയും
ഊരുതെണ്ടിയുടെ
വിഴുപ്പുഭാണ്ഡത്തിൽ ആകെയവശേഷിച്ച
ഉയിരിൻ്റെ മിച്ചശമ്പളം-
വിയർപ്പിൽ കുതിർന്നു
മഷിപരന്ന കടലാസുതുണ്ടുകളും
ദിശയറിയാഞ്ഞ ആത്മീയഭാഷണങ്ങളും
കനമില്ലാത്ത ജീവിതത്തെ
നിരപ്പില്ലാത്ത പുഴയ്ക്കുമേലുള്ള
തുഴയില്ലാ ഇലവള്ളത്തിലേറ്റി,
പുഴവെള്ളം ചൂടാറ്റി
നിർമമതയോടെ പാനം ചെയ്തുകൊണ്ടിരുന്നൂ
ഭൗതികമായതൊന്നും
സ്വന്തമാക്കാൻ മോഹിക്കാഞ്ഞ
നിളാതീരത്തെ ഈ അപ്പൂപ്പൻതാടി
