ചെഗുവേരയായി
താടിയും മുടിയും നീട്ടി
സ്വപ്നം ഒളിവേട്ടയ്ക്കിറങ്ങുന്ന
കണ്ണുകളുമായി
നടന്ന കാലത്ത്
രഹസ്യസേനകൾ
അനുഗമിച്ചു.
സംശയക്കണ്ണുകൾ
പിന്തുടരും നിഴലുകൾ
അസ്വാഭാവികമായത്
പ്രതീക്ഷയായി.
ആനന്ദനായി
തലമുണ്ഡനം ചെയ്ത്
കാവിത്തുണി ചുറ്റി
സമയമായില്ല, സമയമായില്ലെന്ന്
നാടലഞ്ഞ കാലത്തും
സംശയം
ഓന്തിനെപ്പോലെ
വേലിക്കലും കോണിപ്പടിക്കലും
മിന്നിമാഞ്ഞു.
കുളക്കടവിലും
തുണിയുരിച്ചിട്ടു.
ഗാന്ധിജിയെപ്പോലെ
ഒറ്റമുണ്ടും വട്ടക്കണ്ണടയും
ഇടത്തും വലത്തും തോൾചേർന്ന്
പെൺകുട്ടികളുമായി
ചർക്കയിലെ നൂൽപ്പും
ആട്ടിൻപാലുമായി
സത്യാന്വേഷണം തുടർന്നപ്പോഴും
സൂക്ഷ്മക്കണ്ണടയുടെ
ഒളിനോട്ടം
അനുധാവനം.
എല്ലാ വേഷഭൂഷകളുമഴിഞ്ഞ്
ചില്ലുകൂട്ടിൽ
നിശ്ശബ്ദനായിക്കിടന്നപ്പോഴും
അശ്രദ്ധമായ ശ്രദ്ധകളുടെ
കുഴൽനോട്ടം
അവഗണിക്കാനാവാതെ.
ആർക്ക്
ആരെയാണ്
വേണ്ടിയിരുന്നത്?
This poem by Rajan C.H. traces a person moving through different identities, from revolutionary to ascetic to seeker yet continually shadowed by suspicion and surveillance, questioning who is truly seeking whom.
