ഇന്നേവരെ
നടന്ന വഴികളിലൊരിടത്തും
പാറയിലാട്ടെ
മരത്തിലാട്ടെ
കലുങ്കിലാട്ടെ
വന്നുപോയതിന്റൊരടയാളോം ഉറ്റിച്ചിട്ടില്ല.
മണ്ണിന്റെ അനുവാദത്തോടെ
മുറിച്ചേക്കണ വഴികൾ
പൂലോകനിയമാനന്തരം
ആളാംവീതമെന്നോണ്ട്
കിട്ടിയേക്കണതീന്ന്
പാതി കൊടുക്കാനോ
പറഞ്ഞ് കൊടുക്കാനോ
ആവുകേല.
ചവിട്ടിയേന്റെ മേലെ ചവിട്ടി
വളഞ്ഞേടത്തുന്ന് വളഞ്ഞ് കേറി
പിന്നേം കേറി
പിന്നേം ഇറങ്ങി
പെരുകിയ വഴികൾ-
കെട്ടിപ്പെണഞ്ഞുരുണ്ടുണ്ടായതാണീ വട്ടം;
ചിലര് ഭൂമീന്നും പറയും.
മൊത്തം തെളിഞ്ഞുകിടന്നാലും
ഇയാൾക്ക് അയാളുടെ
വഴി കാണാനാവുകേല!
അനുഭവിക്കാനാവുകേല!
പിന്നെന്തിന് ചുമ്മാ ഒരച്ച്
പാറയിൽ
മരത്തിൽ
കലുങ്കിൽ
അടയാളമുണ്ടാക്കണം?
