പിന്നെയും - കരുണാകരന്‍ എഴുതിയ കവിത

Poem

പിന്നെയും - കരുണാകരന്‍ എഴുതിയ കവിത


റക്കമില്ലാതെ
രാത്രി മുഴുവന്‍
കണ്ണുകളടച്ചു കിടക്കുകയായിരുന്നു
നര്‍ത്തകി
അവളുടെ ഓര്‍മ്മയില്‍ ചെന്ന് പെട്ടു
എനിക്ക് വഴി തെറ്റി.
നര്‍ത്തകി
അവള്‍ തന്‍റെ ഉടലിനെ
താലോലിച്ചു കൊണ്ടേയിരുന്നു
'നീ ഉറക്കം മറന്നുവോ'
അവള്‍ തന്റെ വിരലുകളോട് കൊഞ്ചി,
നാവ് കൊണ്ടു തൊട്ടു
കവിളുകള്‍ തലോടി
മുലകള്‍ തലോടി
'ഏത് ചുവടുകളാണ് ഇപ്പോള്‍ ഈ നാഭിയില്‍നിന്നും
ഞാന്‍ കേള്‍ക്കുന്നത്'
തന്‍റെ അടിവയറില്‍ ചെവികള്‍ മാറി മാറി വെച്ച
അവളുടെ ശിഷ്യയെ ഓര്‍ത്തു.
കാമുകനെ അവള്‍ ഓര്‍ത്തില്ല.
ഭര്‍ത്താവിനെ അവള്‍ മറന്നില്ല.
ഞാനോ, ഇപ്പോഴും അവളുടെ പിറകെ.
രാത്രിയെ ഉറക്കത്തിന് വിട്ടുകൊടുക്കാത്ത യക്ഷന്‍.
എന്‍റെതന്നെ ഓര്‍മ്മ.
പിന്നെയും ഞാന്‍
അവളുടെ ചിലങ്കകളുടെ
ഒച്ചയ്ക്ക് പിറകെ നടക്കുന്നു.
പട്ടണങ്ങള്‍ മാറി മാറി യാത്ര ചെയ്യുന്നു.
മേഘങ്ങളെ നോക്കി നില്‍ക്കുന്നു.
അവളുടെ നൃത്തത്തില്‍
എന്‍റെ കൗമാരത്തെ എന്നന്നേയ്ക്കുമായി
മറന്നു വെച്ചത് ഇപ്പോഴും
മറക്കുന്നു.
അലയുന്നതെന്തും നീണ്ട നീണ്ട
വിട പറച്ചിലുകള്‍ മാത്രമാകുന്നു.
കണ്ണുകളടച്ച്
ഉറക്കമില്ലാതെ കിടക്കുന്ന
അവളുടെ ഓര്‍മ്മയില്‍
വീണ്ടും ചെന്ന് പെടാതിരിക്കാന്‍
പിന്നെയും പ്രാര്‍ത്ഥിക്കുന്നു.
പകരം അവള്‍, എന്‍റെ പ്രിയപ്പെട്ട നര്‍ത്തകി
എന്റെ അരികിലേക്ക് ഉരുളുന്നു
എന്‍റെ ചെവികളില്‍ പറയുന്നു:
‘അത് സ്വരങ്ങളേ അല്ല’ ‘കേട്ട് നോക്ക്’
‘എന്‍റെ പാദങ്ങളുടെ നിശ്ശബ്ദതയാണ്’ ‘കേട്ട് നോക്ക്’
‘പാതകള്‍ മിടിക്കുന്നതാണ്’ ‘കേട്ട് നോക്ക്’
അവളെന്‍റെ ചുണ്ടില്‍ ഉമ്മ വെക്കുന്നു
ഞാന്‍ വീണ്ടും മരിക്കുന്നു.


Related Articles