അഞ്ചും മഴ

Poem

അഞ്ചും മഴ


1
ഷാപ്പിറങ്ങിവരുന്ന രാമച്ചന്റെ
പാട്ടുപോലുണ്ട് കൂട്ടിന്നൊരു മഴ.
കൂട്ടു വേണ്ടാത്ത ശീലിലാടും തേങ്ങൽ
പാട്ടിനൊപ്പമിഴയുന്നതാകുമോ?

പാട്ടിരുട്ടിലൊരു കൊതിപൂണ്ടവൾ
ചൂട്ടുവീശുന്ന പോലൊരു മിന്നലിൽ
കെട്ടുവിട്ടൊരനുരാഗനാടക-
ക്കൂത്തരങ്ങിൽ തുടിക്കുന്നു ഗദ്ഗദം.

മെല്ലെ മെല്ലെയിടറുന്ന തൊണ്ടയിൽ
ചൊല്ലാനാവാതെ നീറും വിഷാദങ്ങൾ
ഉന്മദപദമെന്നപോൽ പാഴ്‌ച്ചെളി-
ത്തിണ്ടിലൂർന്നു പതിക്കുന്നു രാഗവും.

നെഞ്ചിടിപ്പല്ല ബഞ്ചിലാരോ താളം
ചഞ്ചലം കൊട്ടി നിർത്തുന്നതായിടാം.
രാവിരുട്ടിൽ മഴ തോർന്നപോലൊരു
മേഘശാന്തിയിൽ കാറ്റുമൊടുങ്ങിയോ?

ഷാപ്പിറങ്ങി വരുന്ന രാമച്ചന്റെ
പാട്ടിനിപ്പോഴും കാതോർത്തിരിക്കവെ
പാട്ടു നിന്നാൽ മഴ നിന്നുപോമെന്ന
നാട്ടുവെട്ടത്തിരി താഴ്ന്നു പോകയോ?

2
മിണ്ടുവാൻ കഴിയാത്ത
മൂകനാമൊരു പൈതൽ
സന്ധ്യയിലൊരു തിരി-
നാളമായുലഞ്ഞാർത്ത്
ചുണ്ടുകൾ വിതുമ്പിയാ-
പ്രാർത്ഥനയാലാപിക്കെ
കണ്ടുനിൽക്കുമൊരമ്മ-
യ്ക്കുള്ളിലായ് പെയ്യും മഴ

കണ്ടതാണിപ്പോ,
ളതിൻവീർപ്പുകളടങ്ങുന്നു.
ഇല്ലൊരീർപ്പവും കാറ്റി-
ലത്രമേൽ ഘനശ്യാമം.
കൺകളിലെന്നാം രാവോ
മണ്ണിതിൽപ്പടരുന്നു.

മിണ്ടുവാൻ കഴിയാതെ
ഞാനിരിക്കയാം, ദൂന-
സന്ധ്യ മാഞ്ഞിരുളുന്നെൻ
നെഞ്ചിലും മഴയിലും.

3
അച്ഛന്റെ ശ്രാദ്ധനാ-
ളമ്മയന്നാരേയും
കാണാതൊളിഞ്ഞു
കണ്ണീർ തുടയ്ക്കുമ്പോലെ
ഇത്തിരിവെയിലി-
ലൊളിഞ്ഞു തുളുമ്പുന്നു
ചെത്തമെഴാതെ
നനയ്ക്കാനൊരു മഴ.

ഒറ്റയ്‌ക്കൊരോർമ്മയായ്
മൂകമാമാശ്ലേഷ-
മെത്തിപ്പിടിക്കുന്ന
കാറ്റിലൊരു തരി.
കത്താ വിറകി-
ന്നെരികണ്ണിലിത്തിരി.
കാക്ക തീണ്ടാത്ത
നിവേദ്യത്തിലിറ്റു നീർ.

എങ്കിലും കൈകൊട്ടി
നീട്ടി വിളിക്കുവാൻ
ഉള്ളിലെക്കണ്ണീ-
രുറന്നു നോവത്രയും
ചില്ലുടഞ്ഞാകാശമായ്
മഴവില്ലൊളി.

അച്ഛനെന്നമ്മയാ-
ക്കണ്ണുനീർത്തുള്ളിയിൽ
സ്വച്ഛമിരുന്നോർമ്മ-
യാറ്റുന്നനുപദം.

അച്ഛന്റെ കണ്ണട-
യ്ക്കുള്ളിലെന്നായ്
പക,ലിത്തിരി
വെയിലും നിഴലും
ജന്മാന്തരം.


Related Articles