അനാഥത്വത്തിന്റെ മുറവിളികൾ

Poem

അനാഥത്വത്തിന്റെ മുറവിളികൾ


മഞ്ഞയാവുമ്പോൾ ഇലകൾ സ്വയം
ആത്മഹത്യ ചെയ്യുന്നതെന്തിനാണെന്നു ചിന്തിച്ചിരിക്കെ,
തളിർക്കലുകൾ നിലച്ചു
തേഞ്ഞ കൊമ്പുകൾ മാത്രമായവശേഷിച്ച
സ്വന്തം സ്വത്വത്തെക്കുറിച്ചൊരു
അവലോകനത്തിനു കൂടെ തയ്യാറെടുക്കട്ടെ.

ചത്തു വിറങ്ങലിച്ച
കൈഞെരമ്പുകൾക്കും
ചിന്തകളറ്റു
പുകഞ്ഞു തുടങ്ങിയ
തലച്ചോറിനും
കൊഴിയാൻ പാകത്തക്ക
മഞ്ഞ നിറമായിരുന്നുവെന്ന്
ശരീരം ഒരു അലാറം കണക്കെ
ഓർമ്മപ്പെടുത്തുന്നു.

അനാഥത്വത്തിന്റെ വെള്ളിവെളിച്ചം
ഒരു സൂചിയെന്ന പോൽ
ഇടക്കിടക്ക്
കുത്തി നോവിക്കെ,
ഒരു ഫിനിക്സ് പക്ഷിയെന്ന പോലെ
പുനർജനിക്കണമെന്ന് വെറുതെ വ്യാമോഹിക്കട്ടെ.

ഇനിയൊരു തവണ ഒറ്റപ്പെടലിന്റെ
നിലവിളി
മസ്‌തിഷ്ക്കത്തിൽ
ചൂഴ്ന്നിറങ്ങും മുമ്പ്
പേനയും പുസ്തകവും
സഹിതം
മരണമേ, നീയെന്നെ ജപ്തി ചെയ്യുക.


Related Articles