അ-സുഖവാസം

Poem

അ-സുഖവാസം


ഒരു സമാധാനവും തരാതെ
നിരന്തരം ബുദ്ധിമുട്ടിക്കും,
ഗ്യാസ്ട്രബിൾ.
ഇരിക്കപ്പൊറുതിയില്ല,
കിടക്കപ്പൊറുതിയും.
കഴിച്ചതിലും കൂട്ടിയതിലും കഴിച്ചുകൂട്ടിയതിലുമുള്ള
കൊള്ളരുതായ്മച്ചവർപ്പ്.
പല നിറങ്ങളുമായി മനം മയക്കി
ആരോഗ്യ വാഗ്ദാനം നൽകി
'എന്നെ സ്വീകരിക്കൂ' എന്ന് തൊഴുതുപറഞ്ഞ
പല പല ഹാരങ്ങൾ.
വയറിനോട് പക
തീർക്കുകയായിരുന്നില്ല.
എങ്കിലും തെരഞ്ഞെടുപ്പിൽ
ജാഗ്രതയുണ്ടായില്ല,
കുറ്റം മറ്റാരേതുമല്ല.

അവിവേകങ്ങൾ പുളിച്ചു തേട്ടിക്കോട്ടെ
ഒറ്റക്കുഴപ്പമേയുള്ളു.
ഇടനെഞ്ചിൽ
ഇടിമിന്നലേറ്റു പുളഞ്ഞടിയും വരെ
ജെലൂസിലും ചവച്ചിരിക്കും.
ഏകാധീശ കാലത്തെ
ആലസ്യം പോലെ.
ജനായത്തഹൃദയം തകർക്കാൻ
ഒരടിയന്തരാവസ്ഥ
ഒളിമറയത്തുണ്ടെന്ന്
അറിയുകയേയില്ല.

"A-Sughavasam" is a Malayalam poem written by Sajeev C Warrier.


Related Articles