ഒരിക്കൽ മീൻകറി വെച്ച
ചട്ടിയുമായ് കടല് കാണാൻ പോകണം
നിലാവിൽ നെടുവീർപ്പിടും
കടലിലൊരു കഥ തെളിയും
അമ്പിളി കഥ പറയുന്ന വെളിച്ചത്തിൽ
ഏകനായ് കടല് നോക്കി
ചോറ് കുഴച്ച് കുഴച്ച് കഴിക്കണം.
ഓർമ്മകളൊക്കെ നാവിൽ
രുചിക്കൂട്ടായലിഞ്ഞിരിക്കുന്നു.
ഉരുട്ടിയുരുട്ടിയ വറ്റിനോടൊപ്പം
എത്ര വറ്റിച്ചാലും വറ്റാത്ത സ്നേഹവും ഉള്ളിൽ നിറയും
മറവിയുടെ വാതിലുകൾ പതുക്കെ തുറന്ന്
അതങ്ങനെ നീണ്ട് നിവർന്ന് കിടക്കും
ചെറുരുളയോടൊപ്പം ചുളിവിരൽ സ്പർശനം.
ന്റെ കടലേ... ന്റെ അമ്മേ
എന്നുച്ചത്തിൽ വിളിക്കുമ്പോൾ
കടലിൽ നിന്നൊരു കാറ്റ്
ഓടി വന്ന് കെട്ടിപ്പിടിക്കും.
കണ്ണ് നനയിച്ച് അമ്മക്കടൽ
ചട്ടിയിലേക്ക് കയറി തിരയടിക്കും
ഉമ്മവെച്ചുമ്മവെച്ച് മേലാകെ നനയ്ക്കും
ആരെങ്കിലൊന്ന് പറഞ്ഞേര്വോ
എത്ര കരഞ്ഞാലാണെന്റെ ചോറ്റിലുപ്പ്
പാകമാകുവാന്ന്.
