അടുക്കളയിലെ തീ കെട്ട് ആമാശയത്തിലേക്ക്
പടർന്ന് ആളിക്കത്തുന്നു.
ശലഭത്തെ വലംവെക്കുന്ന
ബാല്യം തെരുവിലലയുന്നു.
കടം തെണ്ടി ജന്മം കടത്തിണ്ണ
തോറും കയറിയിറങ്ങുന്നു.
വേദനയുടെ അതിരുകൾ ഭേദിച്ച്
ദേഹം നിശ്ചലമായി കൊണ്ടിരിക്കുന്നു.
തട്ടി അകറ്റപ്പെട്ട കൈകൾ നോക്കി
പ്രമാണിമാർ കുഴിച്ചുമൂടിയ ഭക്ഷണം
ചിരിച്ച് ആക്ഷേപിക്കുന്നു.
ഭക്ഷണത്തിനായി കടിപിടി കൂടിയ
പട്ടികൾക്കൊപ്പം മത്സരിച്ച് ഒട്ടിയ വയർ
എല്ലിന്മേൽ കയറിയിരിക്കുന്നു.
വിശപ്പിനാൽ നീട്ടിയ കരങ്ങളിൽ
വെറുപ്പിനാൽ നീ എറിഞ്ഞ നാണയം വിശപ്പിന്റെ
കൊടിയ യുദ്ധത്തിന് അടിവര പാകുന്നു.
ചിലർ, അന്യന്റെ ചോര കുടിച്ചു വിശപ്പകറ്റുന്നു.
മറ്റു ചിലർ, അന്യന് ചോര നൽകി വിശപ്പ് അകറ്റുന്നു.
വർഗ്ഗവും വംശവും നോക്കിയളന്നിരുന്ന നീതി
ആമാശയങ്ങൾക്ക് കീഴടങ്ങിയിരിക്കുന്നു.
പച്ചവെള്ളത്തിന്റെ മധുരമറിഞ്ഞ ദിനം,
ബലിക്കാക്ക തല തല്ലി മരിച്ച ദിനം,
പ്രണയത്തേക്കാൾ വികാരം വിശപ്പിന്റെ
നോവുകൾക്കുണ്ടെന്നറിഞ്ഞ ദിനം.
ഇനിയൊരിക്കലും അസ്തമിക്കില്ലെന്ന വാക്കുകളുമായ്
വിശപ്പ് എന്ന വികാരം നിശബ്ദ നിലവിളികൾ
അടക്കിപ്പിടിച്ച് തെരുവോരങ്ങളിൽ ഞെട്ടറ്റ് വീഴുന്നു…
Alayunna rodanam, poem written by Shamil Ezhuthumthodi
