വൈകിപ്പോയ രാത്രി
പ്രാരാബ്ധത്തിന്റെ അലക്കുകല്ലിൽ
ദൈവത്തെ തേച്ചൊട്ടിച്ച്
ഉറങ്ങാൻ കിടക്കുന്നു ഒരുത്തൻ
ആകാശത്തിലെ ഇരുട്ട് വലിച്ചുകീറി
കണ്ണിൽ വരയ്ക്കുന്ന വെളുത്ത രൂപങ്ങൾ
ദൈവം പറഞ്ഞയച്ചതാണെന്ന്..
രാവിന്റെ വാക്ക് തെറിച്ച്
പകലിന്റെ ഊടുവഴികളിലേക്ക്
'ദൈവത്തെ നേരിൽ കണ്ടവൻ'
പരന്ന് പരന്ന് കടലാവുന്നു
കാറ്റും കോളുമില്ലാതെ
തിരകൾ പൊങ്ങുന്ന
കള്ളക്കടൽ പ്രതിഭാസമാവുന്നു
ഭക്തി
നേർച്ച
വഴിപാട്,
വിശ്വാസം കാട് പോലെ കരകവിയുന്നു
