പണിപ്പുരയിൽ
ഞാൻ
തീരാത്ത വരികളെ
ഒരേ ഭാഷയിൽ നോക്കുന്നു
ഒരേ ഭാഷക്കാർ
പല ഭാഷയിൽ
എന്നെയും;
'ന' 'ത'യെ കണ്ടപ്പോൾ
മുഖം പൊത്തി,
'പ' വരികളിൽ
കാൽ കയറ്റി
ഉറങ്ങുന്നു,
അവളുടെ
ഇളയ മോൻ 'വ'
അമ്മയുടെ അതെ മട്ട്,
'ആ' വരികൾക്കിടയിൽ
അക്കരപ്പച്ച കളിക്കുന്നു
'ക്ഷ' 'ഷ'യെ മുന്നിലേക്ക്
വലിക്കുന്ന
റിക്ഷ വണ്ടി,
'ല'
'ഭ' ആറു മാസം ഗർഭമുണ്ട്
'ദ'ക്ക് രണ്ട് മാസമൊള്ളൂ
ഇരുവരും വരികളിൽ
അച്ചടക്കം പാലിക്കുന്നു,
തൃപ്തിയടങ്ങാത്ത
ഒരേ ഭാഷയിൽ
ഞാൻ എല്ലാവരേയും നോക്കി
ഒരേ ഭാഷക്കാർ
പല ഭാഷയിൽ
എന്നെയും.
