അടുക്കളപ്രേതം

Poem

അടുക്കളപ്രേതം


മ്മ കരയാറില്ല
ഉള്ളുതിളയ്ക്കുമ്പോൾ
കഞ്ഞിക്കലം
നിറഞ്ഞു തുളുമ്പും.

ഉമ്മ കയർക്കാറില്ല
കലിപിടിക്കുമ്പോൾ
പാത്രങ്ങൾ തമ്മിൽ തല്ലി
കൊലവിളിക്കും.

ഉമ്മ ചിരിക്കാറില്ല
പായസമോ പുകടയോ
അടുപ്പിലെരിഞ്ഞുതൂവും.
കുഴലുകൊണ്ട് ശ്വാസമെടുക്കും
കൈക്കലകൊണ്ട്
മുഖം വെളുപ്പിക്കും.

ഉമ്മ മരിച്ചിട്ടും
അടുക്കള മരിച്ചില്ല.
അവളെ അടക്കിയതിന്റെ
അടുത്ത ദിവസം
അതുവരെ
അടക്കം ചെയ്ത
ചിരികൾ ഓരോന്നായി
അടുക്കളയിൽ ഉയിരെടുത്തു
കരച്ചിലുകൾ മുഴങ്ങിക്കേട്ടു
ശകാരങ്ങൾ തീരാതെ പെയ്തു.


Related Articles