അച്ഛൻ

Poem

അച്ഛൻ


ച്ഛൻ പട്ടാളത്തിലായിരുന്നു.
ചീനപ്പട്ടാളത്തെ തുരത്തിയതിന് 
മെഡൽ നേടിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ
പിരിഞ്ഞിട്ടും
കോലായിരിക്കുമ്പോൾ പോലും
മീശ മേലോട്ട്
മൂർച്ച കൂട്ടി വെച്ചു.
ചിട്ട തെറ്റിക്കാതെ നാലുമണിക്ക് എഴുന്നേറ്റ്
ട്രൗസറും ബൂട്ട്സും ഇട്ട്
മഞ്ഞിനെയും മഴയെയും
തെരുവ് നായകളെയും കൂസാതെ
നാല് കിലോമീറ്റർ ഓടി.
തിരിച്ചുവന്ന്
രണ്ടു ഗ്ലാസ് പാൽ
രണ്ടു മുട്ട, രണ്ട് നേന്ത്രപ്പഴം 
പിന്നെ മീശ പൊക്കിവെച്ച്
വീണ്ടും വീട്ടുപറമ്പിന് കാവൽ.
വാക്കുകൾ വളരെ കുറച്ച്,
നിറയൊഴിക്കുന്ന കൃത്യതയോടെ.
തലേ മാസത്തെ  
ബില്ലിലെ ഒരു രൂപ
പത്രക്കാരനോട് ചോദിച്ചു വാങ്ങുമ്പോഴും 
ഇളകാതെ പിടിച്ച മീശക്കൊമ്പ്.
മറുപടിയിൽ
വെള്ളം ചേർക്കാൻ ആകാതെ
കുഴങ്ങുന്ന പാൽക്കാരൻ. 
അച്ഛൻ കൃത്യമായി വിന്യസിച്ചുവെക്കുന്ന
മൈനുകളിൽ ചവിട്ടിയും
ഉന്നം തെറ്റാതെ 
എറിയുന്ന ഗ്രനേഡുകൾ
നെഞ്ചേറ്റുവാങ്ങിയും
രക്തസാക്ഷിത്വത്തിന്
പുതുചരിത്രം എന്നും
രചിച്ചു വെക്കുന്ന അമ്മ.
പാർട്ടിപ്പിരിവുകാരെ
അകറ്റി നിർത്തി,
പറമ്പിന് മുള്ള് വേലി കെട്ടി, 
അതിക്രമിച്ചു കയറുന്ന
കാട്ടുപന്നികളെ പഞ്ഞിക്കിട്ടു
തോക്കിൽ കുഴലിന്റെ 
ചൂട് ഊതിയാറ്റുന്ന അച്ഛൻ.
ഒടുവിൽ
എൺപത്തിനാലാം വയസ്സിലാണ് 
കാലം അച്ഛനെ
പതിയിരുന്നാക്രമിച്ചത്.
തലച്ചോറിലെവിടെയോ
കാലം പതിച്ചു വച്ച 
കുഴിബോംബുകളൊന്ന് പൊട്ടിയപ്പോൾ
ഇടതുവശം തളർന്ന്
അഞ്ചു വർഷം കിടന്നു പോയത്.
എന്നിട്ടും കാലത്തിൻറെ
നിയന്ത്രണരേഖ മാറ്റിവയ്ക്കാനായി
അച്ഛനിൽ പിന്നെയും വാശിയുടെ
വെടിക്കോപ്പ് തണിയാതെ കിടന്നു.
കിടക്കയിൽ നെഞ്ച് ഉരസി
നീങ്ങിനീങ്ങി
അച്ഛൻ ഒരു ദിവസം എഴുന്നേറ്റുനിന്നു,
കാലത്തിനെക്കൊണ്ട്
പിൻവാങ്ങൽ കരാറിലൊപ്പിടുവിക്കുവാനായി.
രണ്ടര വർഷം അച്ഛൻ പിന്നെയും
മീശയുടെ കൂർപ്പ് കൂട്ടി കോലായിലിരുന്നു,
അല്പം വിറയ്ക്കുന്ന കാലുകളോടെ.
പ്രത്യേകിച്ചൊന്നും ചെയ്യാനാവാതെയുള്ള
അച്ഛന്റെ ഇരിപ്പു കണ്ട 
എന്നിലെ തീവ്രവാദി ഉണർന്നു. 
ജീവിതത്തിന്റെ നിരർത്ഥകതയെപ്പറ്റിയുള്ള
ഫിലോസഫിയുടെ തിളക്കം
കണ്ണുകളിൽ നിറച്ചുവെച്ച്
അച്ഛനെ നോക്കി ഞാൻ നിന്നു.
പുച്ഛത്തിന്റെ സ്റ്റിംഗർ മിസൈലുകൾ 
മനസ്സിൽ തൊടുത്തു വെച്ചു.
ജൂലൈ 31നാണ് അച്ഛൻ
 ആയുധം വെച്ച് കീഴടങ്ങിയത്. 
നാൽപ്പത്തിയൊന്ന്
കഴിഞ്ഞാണ് പാൽക്കാരൻ വീണ്ടും
പൈസയ്ക്ക് വന്നത്. 
പഴയ കണക്കുകൾ
കലണ്ടറിൽ പരതിയപ്പോഴാണ്,
 പഴകിയ മാസങ്ങൾ
കൃത്യമായി മറിച്ചിടുന്ന ഒരാൾ 
കോലായിൽ നിന്നും
ഇറങ്ങിപ്പോയതായി ഓർമ്മ വന്നത്.
പാൽക്കാരൻ തന്റെ പുഞ്ചിരിയിൽ
അല്പം പരിഹാസം ചേർത്ത്
മുഖത്തേക്ക് ഒഴിച്ചു തന്നപ്പോഴാണ്
ജീവിതത്തിൽ ആദ്യമായി
അച്ഛനില്ലാത്ത ഒരു കുട്ടിയായി ഞാൻ മാറിയതും.

Summary: Achan, poem by K P Sajith


Related Articles