നിന്നെ അച്ഛൻ തോളിലേറ്റിയിട്ടുണ്ടോ?
"ഒരിക്കലുമില്ല."
നിന്നെ നെഞ്ചിൽ ചേർത്തു നിർത്തിയിട്ടുണ്ടാവില്ലേ?
"അറിയില്ല."
നിന്നെ മടിയിൽ ഇരുത്തിയിട്ടില്ലേ?
"ഓർമ്മവെച്ച കാലം മുതൽ ഇല്ല."
നിനക്ക് ഉമ്മ നൽകിയിട്ടില്ലേ?
"ഇല്ല."
കൂടെ നടന്നിട്ടില്ലേ?
"ഓർമ്മയില്ല."
അച്ഛനെ കുറിച്ച് ഓർമ്മകളൊന്നും നിനക്കില്ലേ?
"ഉണ്ട്.
അമ്മയുടെ നിലവിളി ശബ്ദം.
കണ്ണു നിറഞ്ഞ വേളയിലെ അവ്യക്തമായ ഓർമ്മകൾ.
പേടിയും സങ്കടവുമായി പുൽപായക്കുള്ളിൽ
ഉറങ്ങാതെ കിടന്ന രാത്രികൾ.
പുഞ്ചിരിക്കാൻ അറിയാത്ത ബാല്യം."
മതി, അച്ഛനെ നിനക്കപ്പൊ ഇഷ്ടമല്ലേ ..?
"ഒത്തിരി ഇഷ്ടമാണ്.
എന്തെന്നാൽ,
തോളിലേറ്റിയ,
ഉമ്മനൽകിയ,
മടിയിൽ ഇരുത്തി ലാളിച്ച,
നെഞ്ചിൽ ചേർത്തുറക്കിയ
കൂടെ നടന്ന
ഒരാൾ മനസ്സിലുണ്ട്.
മനസ്സിൽ മാത്രം.
അദ്ദേഹത്തിന്
എന്റെ അച്ഛന്റെ മുഖമായിരുന്നു."
