നീയെന്നെ കണ്ടിട്ടേയില്ല,
നിനക്ക് ജനിക്കുവാനൊരു
ഗർഭപാത്രം,
ഞാനൊരുക്കിയെന്ന് മാത്രം.
നീയെന്നെ തൊട്ടിട്ടേയില്ല,
നിനക്ക് വളരുവാനൊരിത്തിരി
മുലപ്പാൽ
ഞാൻ ചുരന്നുവെന്ന് മാത്രം.
നീയെന്നെ അറിഞ്ഞിട്ടേയില്ല,
നിനക്ക് നടക്കുവാനൊരു
വഴികാട്ടിയായ്, ഞാൻ
മുന്നിൽ നടന്നുവെന്ന് മാത്രം.
ഞാനൊന്നും കരുതിയിട്ടില്ല,
കൊതിച്ചിട്ടില്ല,
കണ്ണിൽ നിറച്ചിട്ടില്ല;
നീ കുട ചൂടുമെന്നോ,
തണൽ വിരിക്കുമെന്നോ,
വീഴാതെ പിടിക്കുമെന്നോ,
എന്റെ സ്വപ്നങ്ങൾ
പറഞ്ഞിട്ടില്ല!
എങ്കിലും,
ആ ഒടുവിലെ നിമിഷത്തിൽ,
നിന്റെ കണ്ണിൽ മിന്നിയ
തിളക്കത്തിൽ നിന്ന്,
എന്റെയുള്ളിലൊരു
ചെന്താമര വിടർന്നു.
അതിൽ നിന്ന്
ചോദ്യങ്ങൾ പടർന്നു,
നിനക്കെന്നെ
അറിയാമായിരുന്നുവോയെന്ന്,
നിന്റെ കുഞ്ഞിക്കാലുകൾക്ക്
പിന്നാലെയോടിയ എന്നെ നീ
കണ്ടിരുന്നുവോയെന്ന്,
നിന്റെ പശിയൊടുക്കാൻ,
പുകയൂതിച്ചുവന്ന കണ്ണിൽ നീ
നോക്കിയിരുന്നുവോയെന്ന്,
നീ ചിരിച്ചുതീർത്ത
മഴകളൊക്കെയും
ഞാൻ നനഞ്ഞുകയറിയത്,
നീ പനിച്ചുനീണ്ട
രാത്രികളാകെയും
എന്നെ വിറച്ച് വറ്റിച്ചത്,
നിന്റെ മുറിവുകളിൽ
ഞാനിരുന്ന് പഴുത്തത്,
നിന്റെ കണ്ണീരിൽ
ഞാനെന്റെ
തല തുവർത്തിയത്,
അങ്ങനെയങ്ങനെ,
എന്റെ ജന്മത്തിന്റെ
കുളിരുള്ള സ്മൃതികൾ
മുഴുവനും
നിന്റെ ഹൃദയത്തിൽ,
തറഞ്ഞിരുന്നുവോയെന്ന്
എന്റെയുള്ളിലെ ചെന്താമര,
എത്ര വട്ടം വിടർന്ന് ചോദിച്ചു?
എന്നിട്ടും,
ഞാൻ വെറുമൊരു
അപരിചിതയായില്ലേ?
നീയെന്നെ അറിയാതെ,
കാണാതെ,
കേൾക്കാതെ
പോയില്ലേ?
അല്ലെങ്കിലെന്തിന് നീയെന്റെ
ശ്വാസത്തെ പിടിച്ചു വച്ചു?
എന്തിനെന്റെ ജീവൻ,
നിന്റെ മുഷ്ടികൾ പിടിച്ചെടുത്തു?
അപരിചിതത്വത്തിന്റെ
കനലിൽ ഞാൻ ചവിട്ടി;
ശരിയാണ്!
നമ്മൾ അപരിചിതർ തന്നെ;
പൂമ്പൊടി വലിപ്പത്തിലും
കുറുകിയ കമ്മൽ,
ഓട്ടയടയാതിരിക്കാൻ
പത്തുരൂപാ നോട്ട് നീട്ടി
വാങ്ങിയതാണതെന്ന്
അറിയാൻ മാത്രം
പരിചിതരായില്ലല്ലോ നമ്മൾ!
സ്വർണ്ണത്തിന്റെ നിറമുള്ളതെല്ലാം
സ്വർണ്ണമല്ലെന്ന് നിന്നെ
പഠിപ്പിക്കാതെ പോയ
അപരിചിതയായല്ലോ ഞാൻ.
ഒരു കനല് മാത്രം ബാക്കി;
ഏതിരുണ്ട ബിന്ദുവിലാണ്
ഞാനും നീയും
അപരിചിതരായി മാറിയത്?
കുടിച്ചു കുടിച്ചു
ബോധം വീണുപോയപ്പോഴോ,
അതോ, കുടിക്കാനായി
ബോധത്തെ മറന്ന് വച്ചപ്പോഴോ?
Abodham, Poem written by Nithya Lekshmi LL
