എല്ലായിടത്തും അഭിനയിക്കുന്ന
ഒരാളെ എനിക്കറിയാമായിരുന്നു
നാടകത്തിൽ നിന്നിറങ്ങിയിട്ടും
ഇടയ്ക്ക് തലയുയർത്തിയും
ഉച്ചത്തിൽ സംസാരിച്ചും
അയാൾ അഭിനയം തുടർന്നു
എവിടെ നിൽക്കുമ്പോഴും
നോട്ടം കൊണ്ട്
കൊളുത്തിയിട്ട മൈക്ക് തിരയുമായിരുന്നു
കാല് വെയ്ക്കുന്നതിന് കണക്കുണ്ടായിരുന്നു
കൈ ഉയർത്തുന്നതിന് താളമുണ്ടായിരുന്നു
എല്ലാവരും
വിചിത്രമായ സ്വപ്നം കാണും പോലെ
അയാളെ തുറിച്ചുനോക്കുമായിരുന്നു.
നാടകത്തിലെ
നല്ല നടനായിരുന്നതുകൊണ്ട്
ആരും അയാളോട് മുഷിഞ്ഞില്ല.
പലചരക്കു കടയിലെ ഗൗതമൻ,
മീൻ മാർക്കറ്റിലെ സുരാസു,
ചിട്ടിക്കാരി അമ്മിണി ചേച്ചി,
അയലത്തുകാരൻ വറീത്,
പത്രമിടുന്ന പയ്യൻ മുന്ന,
ആരും അയാളോട് കടുപ്പിച്ചില്ല
എങ്ങും കണ്ടിട്ടില്ലാത്ത ചിട്ടയിൽ
അയാൾ കത്തിക്കയറുന്നത്
ചെറുചിരിയോടെ നോക്കി നിൽക്കും,
എന്താരു മനുഷ്യനെന്ന് കോട്ടുവായിടും.
