വോട്ട് ചെയ്തപ്പോൾ തേച്ച മഷി
മാസമൊന്ന് കഴിഞ്ഞിട്ടും
മായാതെ നിൽക്കുന്ന
ചൂണ്ടുവിരൽ നോക്കി
ഞാനിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിസഭയും
ഭരിക്കേണ്ട വകുപ്പുകളും
തീരുമാനമായിരിക്കുന്നു.
'ജനാധിപത്യത്തിൻ്റെ
പതിയെ മായുന്നയടയാളം'
എന്ന പേരിൽ
ഒരു ഭേദപ്പെട്ട
രാഷ്ട്രീയ കവിതയെഴുതാ-
നെനിക്കാവുമെന്നോർത്ത്
വിരലിലേക്ക് നോക്കി
നോക്കി
മൗനമായി.
മനുഷ്യനഖങ്ങൾ
അറ്റങ്ങളിൽ നിന്നല്ല
ആഴങ്ങളിൽ നിന്ന്
വരുന്നു.
