ആശ്വാസം

Poem

ആശ്വാസം


പ്രണയത്തിന്റെ ശ്മശാനമായ
വിരഹംപോലെ,
വരണ്ടുണങ്ങിയ നദിപോലെ,
ലോറിയേറിപ്പോയ കുന്നുപോലെ,
വിട്ടകലുന്നു വാക്ക്.

എന്റെ കവിത
പരാജയങ്ങളുടെ
കടലിരമ്പമാകുന്ന
മൗനത്തെ,
പലായനം ചെയ്തവരുടെ
ദേഹമാകുന്ന
മരുഭൂമിയെ,
വെടിയേറ്റുവീണിട്ടും
ഊന്നുവടിയില്‍
എഴുന്നേറ്റുനില്‍ക്കുന്ന
സമരക്കാരനെ,
ഇരുള്‍ത്തുരങ്കത്തിലകപ്പെട്ട്
ശ്വാസമെടുക്കാനാവാതെ
മരണത്തെ ആലിംഗനം ചെയ്ത
ഖനിതൊഴിലാളിയെ
കണ്ടെടുക്കുന്നു.

പീഡിതരുടെ ശ്മശാനമാണ്
ഭൂമിയെന്ന്
അതുറക്കെ പ്രഖ്യാപിക്കുന്നു.

എഴുത്തുറയ്ക്കുംവരെ
വടിവൊത്ത അക്ഷരങ്ങളാല്‍
കൂട്ടുവന്നും,
ഇടങ്ങള്‍ പരിചിതമാകുംവരെ
ഇടതുകരം കവര്‍ന്നെടുത്തും,
ബോധ്യങ്ങളായി മാറിയ
കള്ളങ്ങളുടെ മൊഴിപ്പാതയെ
വിറപ്പിച്ചുനിര്‍ത്തുന്ന,
മെരുക്കമില്ലാത്ത വാക്കാവുന്നു.


Related Articles