ശരീരമില്ലാത്തൊരാള്‍ വന്നു പോയി
തൂവലുകളില്‍ നിന്‍റെ ഇഷ്ടഗാനം
അവസാനിക്കുന്നു, പൂക്കള്‍ നിറഞ്ഞ
തൂവാല നീ ഉപേക്ഷിക്കുന്നു, വീടുകളില്‍
ആവര്‍ത്തിച്ചു വെച്ച പാട്ടുകള്‍
അടുത്ത വീട്ടിലെ പെണ്‍കുട്ടിയ്ക്കും
നിനക്കും മാത്രമറിയാവുന്ന രഹസ്യം
മറ്റു മനുഷ്യര്‍ കേള്‍ക്കാത്ത പ്രയത്നങ്ങള്‍
ഒരാള്‍ മറ്റൊരാളിലേക്കെടുക്കുന്ന വാടക
മുല്ലവള്ളിയുടെ രാത്രികാലസഞ്ചാരത്തിലേക്ക്
വിടര്‍ന്നു വിടര്‍ന്നു ചേക്കേറി വായുവില്‍
പടര്‍ന്നു ദുഃഖം മതിലിനും ജനലിനുമിടയില്‍
നിന്നു പോവുന്നു, ഇവിടെയുണ്ടായിരുന്നില്ല
ദൂരെയായിരുന്നു, പുതിയ ആളുകളെ
കാണുമ്പോള്‍ നമ്മള്‍ മറ്റു ചെടികള്‍ നടുന്നു
ആരും മുല്ലവള്ളികള്‍ ദൂരം കൊണ്ടു നടുന്നില്ല.
അകന്ന കൈകാലുകളുടെ അതിമോഹം
കൊയ്ത്തുകഴിഞ്ഞ പാടത്തുകൂടെ
തിരിച്ചു വരുമ്പോള്‍ നിന്‍റെ പാട്ട് മാത്രം
കേള്‍ക്കുന്നു, നീയില്ലാതെ അടച്ചിട്ട വീട്,
കരിഞ്ഞ മുല്ലവള്ളികള്‍, നീയും എന്നെപ്പോല്‍
ദൂരേയ്ക്ക് കൊണ്ടുപോയ മറ്റു ചെടികള്‍
നമ്മെ ഉള്ളില്‍ വളര്‍ത്തുന്ന പച്ചകൾ
നാമെല്ലാം അകലം കൊണ്ടു നടുന്നു
അടുപ്പം തുറക്കാത്ത ജനലില്‍നിന്നും
വളരെയടുത്ത് മുല്ലവള്ളിയുടെ പടര്‍ച്ച
കാണുന്നു, കിനാവില്‍ അത് പോവുന്ന
ചെറിയ ദൂരം ആരിലും പന്തല്‍ കെട്ടുന്നില്ല.
Summary: Samudra Neelima's poem, Aarum Mullavallikal Dooram Kondu Nadunnilla
