315-ാം നമ്പർ ഷാപ്പ്‌

Poem

315-ാം നമ്പർ ഷാപ്പ്‌



അയമോദകം കുഴച്ച
പുകയില ഞുറുക്കിൻനിറമുള്ള പുലർച്ചയിൽ
മുപ്പതുപൈസയ്ക്ക്
കൊയിലാന്റെ മുറ്റമടിച്ച്
അഞ്ച് രൂപയ്ക്കുള്ള ചാണകം ചുമ്മി
അമ്മയുടെ നട്ടെല്ല് കടയുമ്പോ
പള്ളിയിൽ അഞ്ചരക്കുള്ള മണിയടിക്കും.

തമ്പറ്റി എണീറ്റ് ചട്ടയുടുത്ത്
സപ്രായ്ക്ക് കൂടാൻ പള്ളിയിലേക്ക് പോകുംമുമ്പ്
"കുർബാന കൂടട്ടെ'
"ഷാപ്പിലോട്ട് പോയിനെടി'യെന്ന്
വിളറിയ വെളുപ്പാങ്കാലമായി തെറിക്കുമ്പോ
ഒറ്റമണിയൊച്ച നാടിന്റെ കാതിലിരമ്പും.

315 -ാംനമ്പർ ഷാപ്പ് വറീത് മാപ്പിളേടെയാ
റോസക്കുട്ടിടെ ലൈസൻസില്
കരമുഴുവൻ കള്ളു മോന്തുന്നതവിടുന്നാ
കറിക്കൊതി മൂത്ത്
അടുത്ത കരേന്നും ആളുകേറുന്ന ഷാപ്പ്.

വീട്ടിൽ ഇളയ കുഞ്ഞ് മുള്ളി കുളിച്ച്
വലിയവായിൽ നിലവിളിക്കുമ്പോ
ഇച്ചേച്ചി അവളെയെടുത്ത്
അമ്മയുടെ അരികിലേയ്ക്ക്
തണുപ്പു ചവുട്ടിയിറങ്ങി
കള്ളുംമട്ട് ഒഴുക്കിവിട്ട മുറ്റത്തോരമെത്തി
മുല കുടിപ്പിച്ച് തോളിൽ ചേർത്ത്
ഉറക്കം കുറുകുന്ന മടുപ്പോടെ
തിരികെ പോരുമ്പോ
നന്ത്യാർവട്ട ചിരിയായ് നാരായണിച്ചേച്ചി
വാഴ വഴങ്ങല് നനച്ച് അമ്പലത്തിലേയ്ക്ക്
ഈറൻ പുലരിയായ് പോകുന്നുണ്ടാവും.

ഇച്ചേച്ചി പഠിക്കാൻ പോയില്ല
ഇളയതിനെ നോക്കും
കഞ്ഞിയും കട്ടനും വയ്ക്കും
ഞങ്ങടെ മുടി ചീവി ചിരിക്കും
മിടുക്കരാവാൻ സഞ്ചിയെടുത്ത്
കൈപിടിച്ച് പടിയിറക്കി വിടും.

ഷാപ്പിന്റെ വഴിയേ പോവുമ്പോൾ
ഇറമ്പിൽ കുപ്പി കഴുകുന്ന
കള്ളിമുണ്ടുടുത്ത നിറഞ്ഞ ചിരി
ഞങ്ങളുടെ കണ്ണിനോട് കോർക്കും
മുഷിയുടലുപോലെ നനഞ്ഞ്
ചായ്പ്പിലെ ചാരക്കാറ്റിൽ മറയും.

ഉച്ചയ്ക്കുമുന്നേ മീൻ വെട്ടിക്കഴുകി
തേങ്ങ പൊതിച്ച് പൂളാക്കിയരിഞ്ഞ്
ഷാപ്പിറമ്പിലെ കല്ലിൽ വറ്റൽ മുളകരച്ച്
കറിവച്ച് കറിവേപ്പില പൊത്തി
വെളിച്ചെണ്ണ തൂവി
തൊട്ട് നോക്കാതെ
കറി രുചിയറിഞ്ഞമ്മ പോരുമ്പോ
ഇച്ചേച്ചി വീട്ടിൽ ഉണക്കമീൻ നുറുക്കി
ഉപ്പിറങ്ങും വിധംവെള്ളം നിറച്ച്
മുളകരച്ച് ചട്ടിയിൽ വേവിക്കും
തികത്ത്കപ്പ കുതിരാനിടും.

കുഞ്ഞിനെ കുളിപ്പിച്ച്
വറ്റു കോരിത്തിന്ന് തിരികെയമ്മ
ഷാപ്പിലെത്തുമ്പോ
പച്ചയിറച്ചിയുടെ തേക്കിലക്കെട്ടുകൾ
കുപ്പി നിറയ്ക്കാനുള്ള തെളിമാട്ടവും
അടുക്കളക്കോണിലോരത്തുണ്ടാവും.
ഇറച്ചിച്ചാറിന്റെ നെയ്യ്തെപ്പി
തൂക്കുപാത്രത്തിൽ കോരി
കറി വാങ്ങി പാതകത്തിൽ വച്ച്
വരണ്ടുണങ്ങാൻ
പോട്ടിഉരുളിയുടെ തീ കെടുത്തി
റബർ ഫാക്ടറി കത്തിയെരിഞ്ഞന്ന്
വെന്തുമരിച്ച കെട്ടിയോനെയോർത്ത്
കനൽ നെഞ്ചിൽ പേറി
വീട്ടിലേയ്ക്ക് തീക്കാറ്റായ് തിരികെ വീശും.

ചാറ് തൊട്ട് ഇറച്ചി ചവച്ച കുഴഞ്ഞ ഒച്ചകൾ
ഷാപ്പു കറിയെന്നാൽ
ഇതാണെന്ന് മുരടനക്കുമ്പോൾ
ഉണക്കക്കപ്പ തിളപ്പിക്കാനും
പുല്ല് ചെത്തിക്കൊടുത്താലുള്ള
അഞ്ച് രൂപ കാശോർത്തും
വഴി ഓടി ഒരു കിതപ്പ്
വീടെത്തി നിൽക്കുന്നുണ്ടാവും.

പുതുക്കിയ ഷാപ്പിന് മുന്നിലൂടെ
കാറിൽ പോരുമ്പോൾ
നാല്പത് കൊല്ലത്തിനിപ്പുറം
കറിച്ചാറിന്റെ പാത്രം തിണ്ണയിൽ വച്ച്
ഇച്ചേച്ചിയോടൊപ്പം
ഞങ്ങടെ വരവ് നോക്കിയിരിക്കും

നാടിനെ കൊതിപ്പിച്ച വിയർപ്പിൽ
ഷാപ്പ് കറി മണക്കുന്ന
ഓർമ്മകളും ഓടിക്കിതച്ചെത്തും.


*സപ്രാ- പള്ളിയിലെ പ്രഭാത പ്രാർത്ഥന

*തമ്പറ്റി- സമ്പന്നരായ ക്രിസ്ത്യൻ സ്ത്രീകളെ വിളിക്കുന്ന വാക്ക്

*മാട്ടം- കളള് സൂക്ഷിക്കുന്ന മൺകലം


Related Articles