(ആൻ കാഴ്സന്റെ Short Talks എന്ന കവിതാസമാഹാരത്തിലെ Short Talk On Waterproofing എന്ന കവിതയുടെ പരിഭാഷ. )
പരിഭാഷ: സുജീഷ്)
ഫ്രാൻസ് കാഫ്ക ജൂതനായിരുന്നു. അയാൾക്കൊരു സഹോദരിയുണ്ടായിരുന്നു, ഓട്ട്ല, ജൂത. ഓട്ട്ല ഒരു നിയമജ്ഞനെ വിവാഹം കഴിച്ചു, ജോസഫ് ഡേവിഡ്, അയാൾ ജൂതനായിരുന്നില്ല. 1942-ൽ ന്യൂറംബർഗ് നിയമങ്ങൾ ബൊഹീമിയ-മൊറാവിയയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ, ശാന്തയായ ഓട്ട്ല ജോസഫ് ഡേവിഡിനോട് വിവാഹമോചനം നിർദേശിച്ചു. അയാൾ ആദ്യം അത് എതിർത്തു. അവൾ നിശാവടിവുകൾ, സ്വത്ത്, രണ്ട് പെണ്മക്കൾ, യുക്തിപരമായ സമീപനം എന്നിവയെക്കുറിച്ച് സംസാരിച്ചു. 1943 ഒക്റ്റോബറിൽ താൻ മരിക്കേണ്ട ഓഷ്വിറ്റ്സ് എന്ന ഇടത്തെക്കുറിച്ച് അവൾ സൂചിപ്പിച്ചില്ല, കാരണം അപ്പോൾ അവൾക്ക് ആ വാക്ക് അറിയുമായിരുന്നില്ല. അപ്പാർട്ട്മെൻ്റിലെ എല്ലാം അടുക്കിനേരെയാക്കിവെച്ച ശേഷം അവൾ തോൾസഞ്ചി പൊതിഞ്ഞെടുക്കുകയും ജോസഫ് ഡേവിഡ് അവളുടെ ഷൂ മിനുക്കിക്കൊടുക്കുകയും ചെയ്തു. അയാൾ ഗ്രീസിന്റെ ഒരു പാളി തേച്ചുപിടിപ്പിച്ചു. ഇപ്പോൾ ഇതിൽ വെള്ളം കടക്കില്ല, അയാൾ പറഞ്ഞു.
