2014 ആഗസ്റ്റ് 14-ന് അർദ്ധരാത്രി കഴിഞ്ഞ് ഞാനെന്റെ മുഖത്തടിച്ചു

Poem

2014 ആഗസ്റ്റ് 14-ന് അർദ്ധരാത്രി കഴിഞ്ഞ് ഞാനെന്റെ മുഖത്തടിച്ചു



സത്യമായും ഞാൻ
തെറ്റുകാരനല്ല സാർ

2014 ആഗസ്റ്റ് 14-ന് അർദ്ധരാത്രി കഴിഞ്ഞ്
ഞാനെന്റെ മുഖത്തടിച്ചു
എന്നു പറയുന്നത്
സത്യം തന്നെയാണു സാർ.
സംഭവത്തിന്റെ സന്ദർഭം പക്ഷേ ഈ പറയുന്നതാണ്.
2014 ആഗസ്റ്റ് 14-ന് അർദ്ധരാത്രി
ഞാനുറക്കം വരാതെ
ഉറങ്ങുകയായിരുന്നു
ഉറക്കം പിടിച്ചു തുടങ്ങുമ്പോഴേക്ക്ഒരു നശിച്ച കൊതുക്.
നശിച്ച എന്ന വാക്ക്
കോടതിയുടെ മുഖത്തു നോക്കി പറയാൻ
പാടുണ്ടോ എന്ന് എനിക്ക് അറിഞ്ഞു കൂടാത്തതാകുന്നു സാർ.
അതെ, നശിച്ച കൊതുക്
എന്റെ മുഖത്ത് വന്നിരുന്ന്
ജണ്ടാ ഊൺഛാാ കളിച്ച് തുടങ്ങി.
ആ നിമിഷത്തിൽ
എന്റെ ഉറക്കത്തിന്റെ കൈകൾ
ചരിത്രത്തിൽ ഈ സമയം
ആർക്കോ എന്തോ കിട്ടിയിരുന്നെന്നോ
അതൊക്കെയും കൊണ്ടുചെന്ന്
ദണ്ഡി കടപ്പുറത്തിരുന്ന് സൊറ
പറഞ്ഞെന്നോ
ക്വിറ്റ് ഇന്ത്യ കമ്പനിക്കാർ
അതൊക്കെയും വില
കൊടുത്ത് വാങ്ങിയെന്നോ
മുഖത്തടിച്ച ആ നിമിഷത്തിൽ
എനിക്കറിയില്ലായിരുന്നു സാർ.
അത് കൂടാതെ മറ്റൊരാളുടെ
കൂടെ കിടന്നുറങ്ങുന്ന
സ്വന്തം ഭാര്യയെ
ശല്യപ്പെടുത്തേണ്ടെന്നു കരുതി
റാണിയെന്നോ രുക്കുവെന്നോ പേരുള്ള
ലോഡ്ജിൽ കിടന്നുറങ്ങി.
ഈ പറഞ്ഞപോലെ
അർദ്ധരാത്രി കഴിഞ്ഞ് സ്വന്തം മുഖത്തടിക്കുന്നത്
കോടതി കയറ്റുന്ന
തെറ്റായിരിക്കുമെന്ന്
സത്യമായും ഞാനറിഞ്ഞില്ല
സാർ.
അറിഞ്ഞിരുന്നെങ്കിൽ ഏറ്റവും കുറഞ്ഞത്
ഭാരത് മാതാ കി ജയ്
എന്നെങ്കിലും പറഞ്ഞ്
ഞാനെന്റെ കുറ്റബോധത്തെ
കിടത്തി ഉറക്കുമായിരുന്നു
സാർ

This poem by Vimeesh Maniyoor tells the story of events after midnight on August 14, 2014, when police allegedly claimed he slapped his own face, arrested him, and compelled him to appear in court.


Related Articles