വാക്കുകൾ പിടയുന്ന താരകം

Poem

വാക്കുകൾ പിടയുന്ന താരകം


അവൾ പോയിമറഞ്ഞ കഥയെഴുതാൻ പാകത്തിന്
കട്ടിയുള്ള താളോ നിറമുള്ള മഷിയോ കിട്ടിയില്ല.
പൂർത്തിയാക്കാതെ ബാക്കിവെച്ചുപോയ നിറംമങ്ങിയ ഒരേടും,
വാക്കാവാൻ കൊതിച്ച് പാതിവഴിയിൽ അലസിപ്പോയ ഒരിറ്റ് ദ്രവിച്ച തൂലികയും
നനവുണങ്ങിയ ഏതോ മിഴികൾക്കാത്ത് മയക്കത്തിലാണ്.
ആ മഹാകാവ്യത്തിൻ്റെ അവസാന ഈരടി ഇനിയും പൂർണ്ണമാവാനുണ്ട്;

അവളുടെ സമാഹാരം അവൾക്കൊഴിച്ചുള്ളതിനെല്ലാം അധ്യായങ്ങൾ കണ്ടെത്തി.
കൂർത്തമുനകൾക്കൊണ്ട് ആമുഖം കറുപ്പിച്ച്,
ഭയം മണക്കുന്ന മഷിപ്പാത്രം ഓരോ അധ്യായങ്ങൾക്കും വീര്യമേകി.
ആ തലക്കെട്ടുകളുടെ ഏകാവകാശി അച്ഛനായിരുന്നു.
ഓരോ അധ്യായവും പൂർത്തിയായെന്ന് ഉറപ്പുവരുത്തിയത് ജ്യേഷ്ഠനും.
തൻ്റേതല്ലാത്ത അക്ഷരക്കെട്ടുകൾ ഇടക്കെപ്പോഴോ ഒന്നിളകിയപ്പോൾ,
തിരുത്തലിൻ്റെ ചുവന്ന മഷിയുടെ ചതുക്കം
ഇപ്പോഴും അവളുടെ ചുളിവുകൾക്കിടയിലും മങ്ങാതെ തെളിയുന്നു.
ഒരധ്യായം മാത്രം മാഞ്ഞുതുടങ്ങിയിരുന്നു.
അതിലധികം വരികളുണ്ടായിരുന്നില്ല.
വാക്കുകളേക്കാൾ മിടിപ്പുകൾക്കൊണ്ടെഴുതിയ അമ്മയുടേതായിരുന്നുവത്.

അവളും ആ കഥയും, ഒപ്പം കാലവും വളർന്നു.
കൂടെ കഥാപാത്രങ്ങളും.
ആ കഥയിൽ കടന്നുകയറിയ ഓരോ കഥാപാത്രവും,
പിന്നിട്ട താളുകളിൽ ഒരു വെട്ട് ഇട്ടുപോന്നു.
ചായംപൂശിയ അതിരുകളുടെ മറുപുറത്ത്
അവളിലെ കവിതയുടെ ഛന്ദസ്സുമോഹിച്ചൊരു
കാവ്യതീർത്ഥാടക തംബുരുവിൻ്റെ സ്വരമിടറിയിരുന്നു.
ആ തംബുരുവിൻ്റെ ഈണം കോർത്ത് അവൾ നെയ്ത കവിതക്ക് പക്ഷേ,
മുഖചിത്രമില്ലാതെ പ്രകാശനം പൂർത്തിയായ അവളുടെ സമാഹാരത്തിൽ ഇടമുണ്ടായിരുന്നില്ല;


Related Articles