വൃത്തം

Poem

വൃത്തം


പാതിവഴിയ്‌ക്കൊരാൾ
തീർന്നുപോയാൽ
വൃത്തം പൂർത്തിയാക്കിയില്ല
എന്നാരും പറയരുതേ.
പാതിവഴി എന്നായിരുന്നു
ആ വഴി;
പൂർത്തിയാക്കിയ
യാത്രയായിരുന്നു
ആ വൃത്തം.

പാതിവഴിക്കു ഞാൻ
തീർന്നുപോയാൽ
പറഞ്ഞു പാതിനിർത്തിയ വാക്ക്,
ഒരുപാദം ചവിട്ടി
പിന്നെയുയർത്തിയ മറുപാദം,
കഴുകിത്തുടങ്ങിയ പാത്രം,
ഇടയ്ക്കു മടക്കിയ പുസ്തകം,
ചിരിയ്ക്കാനൊരുങ്ങിയ
ചുണ്ടുകൾ
എന്നിങ്ങനെ ചിലത്
അവശേഷിക്കുന്നുണ്ടാവും:
കാലത്തിന്റെ ഉറിയിൽ നിന്ന്
ഊർന്നുപോന്നവ.

ഒരു കഴ നാട്ടി ഞാനതിൽച്ചുറ്റി
നൃത്തമാരംഭിച്ചിരുന്നു
ഒരു കയ്യൂന്നി മറു കയ്യൂന്നി
ചുഴന്നാട്ടം.
നിർത്തിയതെവിടെയോ
അതായിരിക്കുമാ വൃത്തം;
പൂർണവൃത്തമെന്നു
ചൊല്ലട്ടെ ഞാൻ.

തുടി മാത്രമല്ല ജന്മമെന്നാകിലും
ഏതിനെയുള്ളിൽ ഉറപ്പിക്കുന്നു,
അതാണു കാര്യം.
സാന്ദ്രതകളുറഞ്ഞ
ഗാഢഗാഢമൗനം-
അതൊരുറവയാണ്.
ആകാശഭൂമികളുടെ
സംഗമപ്പരിണാമം,
പഞ്ചഭൂതങ്ങളുടെ
ഈണപ്പെടൽ.


Related Articles