മുറ്റക്കാറ്റിൽ
പിടിതരാതെ
വട്ടമിട്ടോടുന്ന
നെടുശ്വാസങ്ങളെ
തുരുമ്പരിച്ചൊരു
ചെറിയ തോട്ടികൊണ്ട്
ചെത്തി താഴത്തിടണം
കൈകളിൽ
മുള്ളുകൊള്ളാതെ
ഓരോന്നും
ഒന്നിനുള്ളിൽ
ഒന്നെന്നതുപോലെ
അടുക്കിപ്പെറുക്കി
ഒണങ്ങിയ വാഴക്കച്ചി
മൂന്നുവരിയിൽ
പാകിയതിലേക്ക്
സാവധാനം
അടുക്കിവെക്കണം
പിന്നെ
മൂന്നുവരികളും
നല്ല ബലമായിട്ട്
വലിച്ചുചേർത്ത്
കാൽമുട്ടുകൊണ്ടമർത്തി
ചേർത്തുകെട്ടണം
ഓരോകെട്ടും
തലയിൽ ചൊമന്ന്
മുറ്റത്തുള്ള തണലിൽ
കെട്ടിയ വള്ളികളഴിച്ച്
വീണ്ടും അടുക്കിവെക്കണം
ഇത്രയുമായാൽ
വെയിലുകൊണ്ടതിന്റെ
ക്ഷീണത്തെയും ദാഹത്തെയും
കടമ്പ കടത്തിവിടാൻ
ഒരു കോപ്പച്ചട്ടി നെറയെ
ചെറുചൂടുള്ള കഞ്ഞിവെള്ളം
ഉറുമ്പുകളരിച്ചു പെറുക്കിയ
നാഴികമണിയുടെ
പൊട്ടിയടർന്ന
കനൽത്തുമ്പിന്റെ
ഈർപ്പത്തിലിരുന്ന്
മോന്തിക്കുടിക്കണം
അതിനുമുന്നെ
വെയിലേറടിക്കാതിരിക്കാൻ
തലയിൽ കെട്ടിയിരുന്ന
കരിമ്പൻ പൂക്കളുള്ള
തോർത്തെടുത്ത്
ഓലമറയിലിടണം
എന്നിട്ടുവേണം
അടുക്കിയ
അക്ഷരങ്ങളോട് ചേർത്ത്
പൊറുതികേടിന്റെ
പലകയിട്ടിരുന്ന്
ഓരോന്നിന്റെയായി
അരികും വക്കും
ചെത്തിയും ചെരണ്ടിയും
കോതിയൊതുക്കാൻ
പിന്നെ
ചുരുളുകളായി
വട്ടത്തിൽ മാടിമാടി
ചിതറിത്തെറിക്കാത്ത വിധത്തിൽ
വെയിലത്ത്
തിരിച്ചും മറിച്ചുമിട്ട്
നന്നായി ഒണക്കണം
വീണ്ടും
ഓരോന്നായി നിവർത്തി
പാകത്തിൽ കീറിയെടുത്ത്
രണ്ടെണ്ണം
തുല്യമായി മടക്കി
കാലിന്റെ തള്ളവിരലാൽ
ചവിട്ടിപ്പിടിച്ച്
വേറെ രണ്ടെണ്ണം
വെലങ്ങനെ വെച്ചിട്ടുവേണം
ചിന്തരിടാത്ത കവിതയുടെ
ആദ്യത്തെവരി
അക്ഷരത്തെറ്റോടെയെങ്കിലും
വള്ളിയിൽ കൊരുത്ത്
ഒരു മരത്തിലേക്ക്
പടർത്താൻ
അപ്പോഴും ഉള്ളുണങ്ങാത്ത
മുറിവുകളുമായി
ചുമടുതാങ്ങി കാണാതെ
കുറെ കോമകളും
മുഖം കൊടുക്കാനാവാത്തചില ചോദ്യചിഹ്നങ്ങളും
എഴുതിമായ്ക്കാനാവാത്ത
സ്ളേറ്റിൽ
നിലയില്ലാക്കയങ്ങളുടെ
കൊട്ടാരം കെട്ടുകയാവാം.
A poem that captures the journey of fleeting thoughts transforming into verses, tracing how raw emotions and scattered ideas slowly take shape as poetry.
