കേരളാ പോർട്രേറ്റുകൾ

Poem

കേരളാ പോർട്രേറ്റുകൾ


1 ചായക്കാരൻ ശങ്കുരു
കുട്ടിക്കാലത്തെന്നപോലെ
അയാളുടെ
ചായക്കടയിലെ സമാവറിലെ
നാണയത്തിന്റെ കിലുക്കം
ഞാൻ കേൾക്കുന്നു

പത്രപാരായണരുടെ
വായിൽനിന്ന്
ഇന്ദിരാഗാന്ധിയും
ഇഎംഎസ്സും

ഇറങ്ങി വരുന്നു
അവർ വാശിയോടെ
തർക്കിക്കുമ്പോൾ
ചായ എടുക്കട്ടെ
അയാളുടെ ശബ്ദം മുഴങ്ങുന്നു

സ്‌കൂൾ വിട്ട്
പുസ്തകവും സ്ലേറ്റും
വീട്ടിൽ വെച്ച്
പീടികയിലേക്കോടിവന്ന
എന്റെ യഥാർത്ഥ വിദ്യാകേന്ദ്രം അതായിരുന്നു

ദുബായിൽ നിന്ന്
വിസ വന്നപ്പോഴും
പട്ടണത്തിൽ
ഹോട്ടൽ ഇടാനുള്ള
ക്ഷണം വന്നപ്പോഴും
അയാൾ നിരസിച്ചു

അയാളുടെ
സമാവറിലെ
നാണയകിലുക്കത്തോടൊപ്പം
കാലചക്രം
അദൃശ്യമായ് തിരിഞ്ഞു

പാട്ടവിളക്കുകൾക്കുപകരം
വൈദുതബൾബുകൾ
എരിഞ്ഞു

ഇടവഴികൾ റോഡുകളായി
വാഹനങ്ങൾ ഇരമ്പി
ഇന്റർനെറ്റിലൂടെ
ലോകമൊന്നായ്
ഗ്രാമത്തിലേക്ക്
കുത്തിയൊലിച്ചു

പഴയപോലെ
ഇപ്പോഴുമയാൾ
പത്തു ഗ്ലാസുകഴുകി
ചായപകരുന്നു

പത്രപാരായണരുടെ
വായിൽ നിന്നും
ബാബറിമസ്ജിദും
പൗരത്വഭേദഗതി നിയമവും
ഇറങ്ങിവരുന്നു
ഇപ്പോഴവർ
തർക്കിക്കാതെ
മൗനത്തിലാഴുന്നു

ചായക്കാരൻ ശങ്കുരു
ഒരു ഉരഗമാണ്

കുപ്പായം കണികാണാതെ
ഗ്രാമാതിർത്തി കടക്കാതെ
ചെറിയവട്ടത്തിൽ
ജന്മം തീർക്കുന്നു

എന്റെ ബാല്യത്തിനും
കൗമാരത്തിനും
യൗവ്വനത്തിനുംമീതെ
ഒരു ആഞ്ഞിലിമരമായ്
വിരിഞ്ഞ്
ഓർമ്മകളുടെ ഇലകൾ
പൊഴിക്കുന്നു


Related Articles