അപരാജിത

Poem

അപരാജിത


അടർക്കളം
അതിൽ അവൾ –
ആരുമറിയാതെയിറ്റുന്ന ചോരയോടെ
സ്വന്തമുയിരിന്റെ മജ്ജയിൽ
മുറിവിന്റെ മുനകളാൽ
ആഴ്ന്നു വരഞ്ഞ പടങ്ങളോടെ.

അടർക്കളം
അതിൽ അവൾ –
ചീളായ് ചീന്തിയൊരാത്മാവോടെ
പറിഞ്ഞുതൂങ്ങിയ കരളോടെ
വെറും ചാരമായ്
കാറ്റിൽ കലർന്ന കാമ്പോടെ
സങ്കടക്കൊടുംവേലിയേറ്റങ്ങളിൽ
മുങ്ങിപ്പിടഞ്ഞുപോയ കരുത്തോടെ.

ഇടിഞ്ഞുരുൾപൊട്ടിയ മണ്ണിന്റെ
പിളർവായിൽനിന്ന് അവൾ –
ചീറിയുയർന്നവൾ
മെരുങ്ങാത്തവൾ
കനലാളും ചിറകോടെ
കലികൊണ്ട കാലം കിണഞ്ഞിട്ടുപോലും
അണയാതെ കത്തും പെരുംതീയുപോലെ
ആകാശമേലാപ്പിനെക്കൂടി വെല്ലുന്നപോലെ
പറന്ന്, ഉയർന്ന്.

അപരാജിത –
അവൾ
തിള വറ്റാത്ത തീനാമ്പ്.


Related Articles