ഒറ്റച്ചിലമ്പുവണങ്ങി നിന്ന്
ഉടലിൽ കുടികൊള്ളും
ഭഗവതിയെ,
ചെമ്പട്ടു ചുറ്റിയുണർത്തി വിട്ടു.
കോമരമായിയു-
റഞ്ഞുതുള്ളി.
സത്യത്തിൻ നാദം
കുടിയിരിക്കും
ഒറ്റച്ചിലമ്പൊന്നെ-
റിഞ്ഞുടച്ചു.
ഭയമാകെ പൂത്തു
ജ്വലിച്ചിറങ്ങി.
കുതികൊള്ളും രോഷം
പുരമെരിച്ചു.
കനലിൽ ചവിട്ടി
അവൾ വരുമ്പോൾ,
ഇരുളിൻ്റെ കോട്ട
തകർന്നടിഞ്ഞു.
ദുരചീയും ബോധ-
മകന്നു നിന്നു.
അവളെൻ്റെയുള്ളിൽ
കുടിയിരുന്ന്,
വിശപ്പിൻ വിതയെല്ലാം
കൊയ്തെടുത്തു.
കലിവാഴുമിടമെല്ലാം
തകർത്തെറിഞ്ഞു.
