വളരെ പണ്ട്,
ബൂട്ടും പാപ്പാസുമണിഞ്ഞ്
ചാട്ടചുഴറ്റി
കുഞ്ചിരോമങ്ങള്‍ തുള്ളിച്ച് തുള്ളിച്ച്
കിതച്ചകുതിരപ്പുറത്ത്
ബേക്കര്‍ സായിപ്പ് 1 എത്തി.
മുന്‍കാലുകള്‍
മുകളിലേക്കുയര്‍ത്തി,
ചിനപ്പിന്റെ നിലവിളി
അന്തരീക്ഷത്തിലേക്കെറിഞ്ഞ്
കുതിര ആഞ്ഞുലഞ്ഞ് നിന്നു…
വെള്ളച്ഛന്‍;
തൊപ്പി
കൈയില്‍
മദിച്ചു പുളയ്ക്കും ചാട്ട:
എല്ലാം ചവിട്ടിമെതിക്കും കുതിര.
ശ്രീപത്മനാഭന്റെ
പെരുംദാസനോ ഇതിയാന്‍!
രാജപ്രതാപം കണ്ടു
കിടുങ്ങിപ്പോയ പുലയര്‍
കൈതക്കാട്ടില്‍
സൂര്യനൊപ്പം മറഞ്ഞു.
ചേറില്‍ പുതഞ്ഞൊളിച്ചു ചിലര്‍,
ഒരു കൂട്ടം
കുളവാഴയ്ക്കും
താറാവിനും കീഴില്‍,
വെള്ളം വാരിപ്പുതച്ച്
വരാലിനൊപ്പം വഴുതി.
ബേക്കര്‍ മദാമ്മ വന്നു,
പേടിയടങ്ങിയവര്‍
വെള്ളാമ്പലിന്റെ ആശ്വാസക്കാട്
പാടമാകെ നൂറു'മേനി ' പടര്‍ത്തി.
മദാമ്മയുടെ നോട്ടം
തുടുപ്രഭാതത്തിന്‍ പൂര്‍ണത;
'പട്ടിണിപ്പൊന്നുഷസ്സുകള'സ്തമിച്ചു.
അപ്പം വിളമ്പി,
അക്ഷരം വിളമ്പി,
വചനം നട്ടു.
ഉളവാക്കപ്പെടട്ടെന്ന മുടിവില്‍
ഉരുവംകൊണ്ട പള്ളിത്തകിടി
ശോശന്നപ്പൂവിന്നായി
മിഴിയോര്‍ത്തു.
'യെരുശലേമെന്നിമ്പ വീടേ
എപ്പോള്‍ ഞാന്‍ വന്നു ചേരു'മെന്ന്
മരണം പോലെ
വേര്‍പെട്ടമണ്ണ് നിലവിളിച്ചു.
