ആലപ്പുഴ കടപ്പുറത്ത് ഒരു അജ്ഞാത സ്ത്രീയുടെ ജഡം കരയ്ക്കടിഞ്ഞിട്ടുണ്ടത്രേ. തകർന്ന കടൽപ്പാലത്തിനരികിൽ ഒരു സ്ത്രീ കമിഴ്ന്നുകിടക്കുന്നു. പാലത്തിന്റെ തുരുമ്പിച്ച കാലുകളിൽ കക്കകൾ വേരുറപ്പിച്ചിരുന്നു, വേർപിരിയാനാവാത്ത ഒരു പഴയ ബന്ധം പോലെ. മുടിച്ചുരുളിൽ വലക്കണ്ണിയിലെന്നപോലെ രണ്ട് മീൻകുഞ്ഞുങ്ങൾ. അരികിൽ ഒരു ഒറ്റച്ചെരുപ്പ്. കണങ്കാലിനു പിന്നിൽ ശ്രീലങ്കൻ ഭൂപടം പോലൊരു ചുവന്ന മറുക്; എന്റെ ഓർമയിലുള്ളതുപോലെ.
അവളായിരുന്നോ അത്?
തലേന്ന് രാത്രി എന്റെ തോളിൽ തല ചായ്ച്ച് മഴയെക്കുറിച്ച് സംസാരിച്ചവൾ ഇത്ര വേഗം കടലിലെത്തുമോ? മണലിൽ കിടന്നവളുടെ മുടിയിഴകൾക്കിടയിൽ ഒരു മീൻകുഞ്ഞ് അനങ്ങി. സുമാർ ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന അജ്ഞാതയായ ഒരു സ്ത്രീയുടെ മൃതദേഹമെന്ന് പോലീസുകാരന്റെ പ്രഥമവിവര റിപ്പോർട്ടിൽ. ഞാൻ അയാളോട് പറഞ്ഞില്ല, അവൾക്ക് മഴ ഇഷ്ടമാണെന്നും എന്റെ തോളിൽ തലവെച്ച് അവൾ ഉറങ്ങാറുണ്ടെന്നും.
പിറ്റേന്ന് അവൾ വീണ്ടും വിളിച്ചു. ഞാൻ ഫോൺ എടുത്തു. അവൾ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവായി എന്റെ പക്കൽ ഒരു ശബ്ദമുണ്ടായിരുന്നു.
