ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിക്കുന്നുവെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതുമാത്രമാണെന്നും ദൈവം കണ്ടു. മഹാപ്രളയം സൃഷ്ടിച്ചശേഷം ഉയിര്‍ത്തുവന്ന മനുഷ്യസമൂഹത്തിന് ഒരു ഭാഷയും ഒരു സംസാരരീതിയുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. കിഴക്കുനിന്നും വന്നവര്‍ ഷിനാറില്‍ ഒരു സമതല പ്രദേശം കണ്ടെത്തി അവിടെ പാര്‍പ്പുറപ്പിച്ചു. അവര്‍ പരസ്പരം പറഞ്ഞു: "നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. ഇല്ലെങ്കില്‍ നാം ഭൂമുഖത്താകെ ചിതറിപ്പോകും.'' മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ ദൈവം ഇറങ്ങിവന്നു. അവിടുന്ന് പറഞ്ഞു: "അവരിപ്പോള്‍ ഒരു ജനതയാണ് ഒരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളൂ. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാധ്യമല്ല. നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാന്‍ ആകാത്തവിധം ഭിന്നിപ്പിക്കാം.'' അങ്ങനെ ദൈവം അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍ പട്ടണം പണി ഉപേക്ഷിച്ചു. അതുകൊണ്ടാണ് ആ സ്ഥലത്തിന് ബാബേല്‍ എന്നു പേരുണ്ടായത്. അവിടെവെച്ചാണ് ദൈവം ഭൂമിയില്‍ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെ ചിതറിച്ചതും (ബൈബിള്‍, പഴയനിയമം, ഉത്പത്തി പുസ്തകം, 6 മുതല്‍ 11 വരെ അധ്യായം).
