ആധുനിക തമിഴ്‌സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ്, നാമക്കൽ ഗവൺമെന്റ് കോളജിലെ തമിഴ് അധ്യാപകൻകൂടിയായ പെരുമാൾ മുരുകൻ. നാമക്കൽ, കോയമ്പത്തൂർ, ഈറോഡ്, കരൂർ പ്രദേശങ്ങൾ ഉൾപ്പെടുന്ന കൊങ്കുനാടിന്റെ പ്രത്യേകതകൾ കഥകളിലും ഗവേഷണപഠനങ്ങളിലും കൂടുതലായി ഉപയോഗിച്ചതിനാൽ കൊങ്കുനാടിന്റെ കഥാകാരൻ എന്ന നിലയിൽ പ്രശസ്തനുമാണ് അദ്ദേഹം.
2010-ൽ കാലച്ചുവട് പ്രസിദ്ധീകരിച്ച 'മാതൊരുപാകൻ' എന്ന നോവൽ 2013-ൽ പെൻഗ്വിൻ ബുക്‌സ് 'വൺ പാർട്ട് വുമൺ' എന്ന പേരിൽ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റിയതോടെയാണ് പെരുമാൾ മുരുകനും അദ്ദേഹത്തിന്റെ ഈ നോവലും വാർത്താകേന്ദ്രമായി മാറിയത്. 2014 ഡിസംബറിൽ നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോട്ട് മുഖ്യധാരയിലുള്ള തീവ്ര ഹിന്ദുത്വസംഘടനകളും പ്രാദേശിക ജാതിസംഘടനകളും ചേർന്ന് നോവലിനും നോവലിസ്റ്റിനുമെതിരേ പെട്ടെന്നൊരു ദിവസം രംഗത്തിറങ്ങി. 'മതവികാരം വ്രണപ്പെട്ടു' എന്നതായിരുന്നു നോവൽ പ്രസിദ്ധീകൃതമായി നാലു വർഷത്തിനുശേഷം അവർക്കുണ്ടായ പ്രകോപനം.
പതിറ്റാണ്ടുകൾക്കുമുമ്പ് തിരിച്ചെങ്കോട് പ്രദേശത്ത് നടപ്പിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഒരു ആചാരം പെരുമാൾ മുരുകൻ 'മാതൊരുപാക'നിൽ വിഷയമാക്കുകയായിരുന്നു. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ അന്നും സമൂഹത്തിന്റെ അവഗണനയ്ക്ക് വിധേയരായിരുന്നു. ആ അവസ്ഥയ്ക്ക് പരിഹാരമായി, അത്തരം സ്ത്രീകൾ ഭർത്താക്കന്മാരുടെ മൗനസമ്മതത്തോടെ തിരിച്ചെങ്കോട്ടെ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ രഥോത്സവവേളയിൽ, താൽപര്യം തോന്നുന്ന പുരുഷന്റെകൂടെ ബന്ധപ്പെട്ട് സന്താനോൽപാദനം സാധ്യമാക്കിയിരുന്നുവത്രേ. ആ കുഞ്ഞുങ്ങൾ 'സ്വാമിപ്പിള്ളൈ' എന്ന് വിളിക്കപ്പെട്ടു. കഥാനായികയായ പൊന്ന ഈ ഉദ്ദേശ്യത്തോടെ രഥോത്സവത്തിനു പോകുന്നതും ആഗ്രഹം സഫലീകരിക്കുന്നതുമാണ് 'മാതൊരുപാകനി'ലെ കേന്ദ്രപ്രമേയം.
