പോർച്ചിൽ കറുത്ത സ്‌കോർപിയോ ഇരമ്പലോടെ വന്നു നിന്നു. അറിയാതെ വാച്ചുനോക്കി, സമയം 8.28 കൊള്ളാം, റാവുവിന്റെ സമയബോധം കേമം തന്നെ.
റാവുമായുള്ള അഭിമുഖത്തിനു വേണ്ടത്ര തയ്യാറെടുപ്പു നടത്തിയിരുന്നു. പ്രതീക്ഷിക്കുന്ന ചോദ്യങ്ങളെക്കുറിച്ചും പറയേണ്ടുന്ന മറുപടികളെക്കുറിച്ചുമുള്ള ഹോം വർക്കിൽ അപ്രതീക്ഷിതമായ ചോദ്യങ്ങൾക്കും ഇടം നൽകിയിരുന്നു. റാവുവിനോട് ചില ചോദ്യങ്ങൾ ചോദിക്കണമെന്നും റാവുവിന്റെ ദൗത്യങ്ങളെക്കുറിച്ച് മനസ്സിലാക്കണമെന്നും മനസ്സിലാലോചിച്ചിരുന്നു.
ഉപചാര വർത്തമാനത്തിനു നന്ദി പറഞ്ഞുകൊണ്ട് റാവു സീറ്റിൽ അമർന്നിരിക്കുമ്പോൾ നെഞ്ചിടിപ്പു കൂടി. പരീക്ഷക്കു ചോദ്യപേപ്പർ കയ്യിൽ കിട്ടുന്ന വിദ്യാർത്ഥിയെപ്പോലെ മുൻകൂട്ടിപ്പഠിച്ചതെല്ലാം മറന്നുവെന്നു തോന്നി. ജാഗ്രത പാലിക്കാൻ മനസ്സിനോടുപദേശിച്ചു; ഇന്ത്യയിലെതന്നെ ഏറ്റവും പ്രശസ്തനായ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് മുന്നിലിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെസിറ്റിയിൽ നടപ്പിലായതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ ഡവലപ്‌മെന്റ് പ്രോജക്ടുകളുടേയും റീഹാബിലിറ്റേഷൻ പദ്ധതികളുടേയും വിശദാംശങ്ങളും അവയ്‌ക്കെതിരായി ഏതെങ്കിലും പ്രൊട്ടസ്റ്റുകൾ നടക്കുന്നുണ്ടോ എന്നതും സംബന്ധിച്ച് ഒരു റിട്ടൺ ബ്രീഫിങ് തയ്യാറാക്കുന്നതിന് ഓഫീസിൽ ആരെയെങ്കിലും ചുമതലപ്പെടുത്തുന്നതിനു ബുദ്ധിമുട്ടുണ്ടോ എന്നു ചോദിക്കാനാണ് വന്നതെന്ന് റാവു പറഞ്ഞു.
