പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. മഹാരാഷ്ട്ര, പൂനെയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 'ഒരു ദുഃഖകരമായ വാര്‍ത്ത പങ്കിടുന്നു, എന്റെ പിതാവ് മാധവ് ഗാഡ്ഗില്‍ ഇന്നലെ രാത്രി (ജനുവരി 07) പൂനെയില്‍ വെച്ച്, അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു.' എന്ന് മകന്‍ സിദ്ധാര്‍ത്ഥ ഗാഡ്ഗില്‍ അറിയിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പൂനയിലെ വൈകുണ്ഠ ശ്മശാനത്തില്‍ നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നല്‍കിയ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. പശ്ചിമഘട്ട സംരക്ഷണത്തെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയ വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു.
1942 മെയ് 24-ന് പൂനെയില്‍ ജനിച്ചു. സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗിലും പ്രമീള ഗാഡ്ഗിലുമാണ് മാതാപിതാക്കള്‍. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും (ജൈവശാസ്ത്രം) മുംബൈയില്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തരബിരുദവും (ജന്തുശാസ്ത്രം) നേടിയതിന് ശേഷം മാധവ് ഗാഡ്ഗില്‍ അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് ചെയ്തു. ഹാര്‍വാഡില്‍ അദ്ദേഹം ഒരു ഐബിഎം ഫെലോയും അപ്ലൈഡ് മാത്തമാറ്റിക്സില്‍ റിസേര്‍ച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു.
