ഡി സി ബുക്സ് സ്ഥാപകൻ ഡി സി കിഴക്കെമുറിയുടെ പത്നിയും ഡി സി ബുക്സിന്റെ ആദ്യകാല സാരഥിയുമായിരുന്ന പൊന്നമ്മ ഡീസിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ. നഷ്ടമായത് സ്നേഹനിധിയായ മാതാവിനെ എന്നാണ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ പൊന്നമ്മയെക്കുറിച്ച് പറഞ്ഞത്. പ്രിയപ്പെട്ട പൊന്നമ്മ ഡീസിയുടെ വേർപാട് സാഹിത്യകുടുംബത്തിന് മാത്രമല്ല മലങ്കരസഭയ്ക്കും തീരാനഷ്ടമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''നഷ്ടമായത് സ്നേഹനിധിയായ മാതാവിനെ. പ്രമുഖ സാഹിത്യകാരനും, ഡിസി ബുക്സ് സ്ഥാപകനുമായിരുന്ന ഡി സി കിഴക്കെമുറിയുടെ സഹധർമ്മിണി പൊന്നമ്മ ഡീസിയുടെ വേർപാടിൽ അനുശോചിക്കുന്നു. മലങ്കരസഭയിൽ പിറന്ന പ്രിയപ്പെട്ട പൊന്നമ്മ പരിചയക്കാർക്ക് അവരുടെ സ്വന്തം ഡീസി അമ്മാമ്മയാണ്. മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ഏറ്റവും പ്രിയപ്പെട്ട അയൽക്കാരാണ് ഡി സി കുടുംബം. ആരോഗ്യം അനുവദിച്ചിരുന്ന നാളത്രെയും അരമനയിലെ ശുശ്രൂഷകളിൽ സജീവസാന്നിധ്യമായിരുന്നു പ്രിയ മാതാവ്.
ഭാഗ്യസ്മരണാർഹനായ ഗീവർഗീസ് ദ്വീതീയൻ ബാവാ മുതലുള്ള കാതോലിക്കാബാവാമാരുമായി ആത്മീയ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പ്രിയപ്പെട്ട പൊന്നമ്മ ഡീസിയുടെ വേർപാട് സാഹിത്യകുടുംബത്തിന് മാത്രമല്ല മലങ്കരസഭയ്ക്കും തീരാനഷ്ടമാണ്. സ്നേഹനിധിയായ മാതാവിന്റെ വേർപാടിൽ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെ. പ്രിയമാതാവിന് ഇമ്പങ്ങളുടെ പറുദീസായിൽ സർവ്വശക്തനായ ദൈവം ഇടം നൽകട്ടെ''- ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
