മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മികവുറ്റ എഴുത്തുകാരനെന്ന നിലയിൽ പ്രസിദ്ധനായ ജോർജ് രാഷ്ട്രീയ കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ പല സുപ്രധാന ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലിഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്നും ഓണേഴ്സ് ബിരുദം കരസ്ഥമാക്കി. പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത് 1950-ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിലാണ്. പിന്നീട് ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്നിവയിൽ ജോലി ചെയ്തു. ഹോങ്കോങ്ങിൽനിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയർമാനായിരുന്നു.
2011 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. മാധ്യമ രംഗത്തെ മികവിന് 2019 ൽ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം ലഭിച്ചു. പത്രപ്രവർത്തക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ ‘ഘോഷയാത്ര’ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ സ്വതന്ത്രഭാരതത്തില്‍ ആദ്യമായി ജയിലിൽ പോകേണ്ടി വന്ന പത്രാധിപരാണ് ടി.ജെ.എസ്.
മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് 7-ന് ടി.ജെ.എസ്. ജോർജ് എന്നറിയപ്പെടുന്ന തയ്യിൽ ജേക്കബ് സണ്ണി ജോർജ് ജനിച്ചു. കേരളത്തിലെ തുമ്പമണ്ണിലാണ് ടി.ജെ.എസിന്റെ കുടുംബവേരുകൾ. എഴുത്തുകാരനായ ജീത് തയ്യിൽ മകനാണ്. ഭാര്യ: പരേതയായ അമ്മു. മകൾ: ഷെബ
