അരുന്ധതി റോയ് പുകവലിക്കുന്ന കവര്‍ ചിത്രം; 'മദര്‍ മേരി കംസ് ടു മി'-ക്ക് എതിരെയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി

News

അരുന്ധതി റോയ് പുകവലിക്കുന്ന കവര്‍ ചിത്രം; 'മദര്‍ മേരി കംസ് ടു മി'-ക്ക് എതിരെയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി


അരുന്ധതി റോയ് പുകവലിക്കുന്ന കവര്‍ ചിത്രത്തോട് കൂടിയ അരുന്ധതി റോയ് തന്നെ എഴുതിയ പുസ്തകം 'മദര്‍ മേരി കംസ് ടു മി'-യുടെ വിതരണം നിര്‍ത്തണമെന്ന ഹര്‍ജി, സുപ്രീംകോടതിയും തള്ളി. പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രം നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പില്ലാതെ പ്രസിദ്ധീകരിച്ചതിന് എതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. നേരത്തെ കേരള ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് (ഒക്ടോബര്‍ 13-ന്) ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പുകയില ഉത്പന്നങ്ങളുടെ പരസ്യം നിയന്ത്രിക്കുന്ന സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട്‌സ് (പരസ്യങ്ങളുടെ നിരോധനവും വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം എന്നിവയുടെ നിയന്ത്രണവും) നിയമം, 2003-ലെ സെക്ഷന്‍ 5-ന്റെ ലംഘനമാണ് കവര്‍ ചിത്രം എന്നായിരുന്നു അഭിഭാഷകന്‍ രാജസിംഹന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദിച്ചിരുന്നത്.

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്, അരുന്ധതി റോയ് പുകവലിയെ പ്രോത്സാഹിപ്പിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും, പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് മാത്രമായിരിക്കും ഈ ചിത്രം കാണാന്‍ സാധിക്കുകയെന്നും നിരീക്ഷിച്ചു. അതിനാല്‍ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.


Related Articles