ഷനോജ് ആര്‍ ചന്ദ്രന് മണിമല്ലിക സ്മാരക സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

News

ഷനോജ് ആര്‍ ചന്ദ്രന് മണിമല്ലിക സ്മാരക സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു


ബ്രണ്ണന്‍ മലയാളം സമിതിയുടെ അഞ്ചാമത് മണിമല്ലിക സ്മാരക സാഹിത്യ പുരസ്‌കാരം, യുവകഥാകൃത്ത് ഷനോജ് ആര്‍ ചന്ദ്രന് സമ്മാനിച്ചു. ഷനോജ് ആര്‍ ചന്ദ്രന്റെ ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച 'കാലൊടിഞ്ഞ പുണ്യാളന്‍' എന്ന ചെറുകഥാസമാഹാരമായിരുന്നു പുരസ്‌കാരത്തിന് അര്‍ഹമായത്. പ്രശസ്ത നോവലിസ്റ്റ് ആര്‍. രാജശ്രീയാണ്, ഗവ.ബ്രണ്ണന്‍ കോളേജിലെ മലയാളം വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ബ്രണ്ണന്‍ മലയാളം സമിതിയുടെ മണിമല്ലികാ സ്മാരക സാഹിത്യ-വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

'പത്രവാര്‍ത്തകള്‍ അഥവാ സംഭവങ്ങള്‍ പകര്‍ത്തി വെക്കുകയല്ല അനുഭവങ്ങളുടെ സൂക്ഷ്മവും പരോക്ഷവുമായ തലങ്ങള്‍ ആവിഷ്‌കരിക്കുകയാണ് എഴുത്തുകാരുടെ ധര്‍മ്മം' എന്ന്, ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് ബ്രണ്ണന്‍ കോളേജ് മലയാളം സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ ആര്‍. രാജശ്രീ സമ്മാനിച്ചത്. പ്രശസ്ത ശില്പി ഹരീന്ദ്രന്‍ ചാലാട് രൂപകല്പന ചെയ്ത് ശില്പവും 15000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. ബ്രണ്ണന്‍ കോളേജിലെ അധ്യാപികയായിരുന്ന മണിമല്ലികയുടെ സ്മരണാര്‍ഥം, ഭര്‍ത്താവും അധ്യാപകനുമായ ടി. ഗോപാലന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് മണിമല്ലിക സ്മാരക പുരസ്‌കാരം.

മുഖ്യപ്രഭാഷണം നടത്തിയ നിരൂപക ഡോ. എന്‍.ലിജി, 'ജീവിക്കുന്ന ലോകത്തിന്റെയും കാലത്തിന്റെയും ഇടത്തിന്റെയും വൈകാരികവും ഭൗതികവുമായ പരിസരങ്ങളെ ഉള്‍ക്കൊള്ളുന്നവയാകും മികച്ച രചനകള്‍' എന്ന് അഭിപ്രായപ്പെട്ടു. പരിപാടിയില്‍ ബ്രണ്ണന്‍ മലയാളം സമിതി പ്രസിഡണ്ടും എഴുത്തുകാരനുമായ വിഎസ് അനില്‍കുമാര്‍ ആദ്ധ്യക്ഷം വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജെ വാസന്തി, മലയാളം വകുപ്പ് അദ്ധ്യക്ഷന്‍ ഡോ. സന്തോഷ് മാനിച്ചേരി, ഏഷ്യാനെറ്റ് സീനിയര്‍ ജേണലിസ്റ്റ് ഷാജഹാന്‍, ഡോ. കെ.വി. മഞ്ജുള, റോസ്‌ന ആര്‍ എന്നിവര്‍ സംസാരിച്ചു.


Related Articles