എഴുത്തുകാരനും വിവര്‍ത്തകനുമായ കെ കെ ഭാസ്കരൻ പയ്യന്നൂർ അന്തരിച്ചു

News

എഴുത്തുകാരനും വിവര്‍ത്തകനുമായ കെ കെ ഭാസ്കരൻ പയ്യന്നൂർ അന്തരിച്ചു


പ്രശസ്ത വിവർത്തകൻ കെ കെ ഭാസ്കരൻ പയ്യന്നൂർ അന്തരിച്ചു. ജെയിംസ് ഹാഡ്ലി ചേസിനെ മലയാളത്തിലേക്ക് മൊഴിമാറ്റിയ എഴുത്തുകാരനാണ് കെ കെ ഭാസ്കരൻ പയ്യന്നൂർ. ജെയിംസ് ഹാഡ്ലി ചേസിന്റെ എല്ലാ പുസ്തകവും മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ അവകാശം നേടിയ വ്യക്തിയാണ് ഇദ്ദേഹം. 129 നോവലുകൾ ജെയിംസ് ഹാഡ്ലി ചേസ് എഴുതിയിട്ടുണ്ട്.

സ്വാതന്ത്ര്യസമര പ്രവർത്തകനും കവിയുമായിരുന്ന എവി ശ്രീകണ്ഠപൊതുവാളുടെയും കെപി ദേവി അമ്മയുടെയും മകനായി 1945 സെപ്റ്റംബറിൽ പയ്യന്നൂരിനടുത്തുള്ള ആന്നൂരിൽ ജനിച്ചു. ആദ്യകാലത്ത് മദ്രാസിലെ വുഡ് ലാൻഡ് ഹോട്ടലിൽ ഒമ്പതു വർഷം ടെലിഫോൺ ഓപ്പറേറ്ററായി ജോലി ചെയ്തിട്ടുണ്ട്. 1973 മുതൽ അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) ജോലി ചെയ്യാൻ ആരംഭിച്ചു. ഇതിനിടയിലാണ് കസ്തൂർബാ ഗാന്ധിയെക്കുറിച്ചുള്ള പുസ്തകമെഴുതിയത്. ഇത് കെ കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിച്ച ഭൂദാനകാഹളത്തിൽ ഖണ്ഡശഃയായാണ് പ്രസിദ്ധീകരിച്ച് വന്നത്.

എൻഐഡിക്ക് പുറമെ വേറെയും നാല് സ്വകാര്യ സ്ഥാപനങ്ങളിൽ കൂടി കെകെ ഭാസ്കരൻ ജോലി ചെയ്തിട്ടുണ്ട്. എൻഐഡിയിൽ പല ഘട്ടങ്ങളിലായി കമ്യൂണിക്കേഷൻ ഡിസൈൻ, പ്രിന്റിങ് ഫോട്ടോഗ്രാഫി, ഫിലിം ആൻഡ് ടിവി സ്റ്റുഡിയോ വിഭാഗങ്ങളിൽ പ്രവർത്തിച്ചു. പബ്ലിക്കേഷൻ വിഭാഗത്തിൽ നിന്ന് 2005ലാണ് വിരമിച്ചത്.


Related Articles