Prix Pascal: ലോകത്തിലെ ആദ്യത്തെ എ.ഐ (AI) സാഹിത്യ പുരസ്‌കാരം

News

Prix Pascal: ലോകത്തിലെ ആദ്യത്തെ എ.ഐ (AI) സാഹിത്യ പുരസ്‌കാരം


നിർമിതബുദ്ധിയുടെ (AI) സഹായത്തോടെ എഴുതിയ പുസ്തകങ്ങൾക്കായി ഫ്രാൻസിൽ സാഹിത്യപുരസ്കാരം ഏർപ്പെടുത്തി. സാങ്കേതിക സംരംഭകരായ Philippe Rodriguez, Albin Serviant, Gilles Mentre എന്നിവരാണ് ലോകത്തിലെ ആദ്യത്തെ എ.ഐ സാഹിത്യപുരസ്കാരമെന്ന് അവകാശപ്പെടുന്ന Prix Pascal എന്ന സാഹിത്യ അവാർഡിന്റെ സൂത്രധാരർ. ഈ പുരസ്‌കാരത്തിന് ഇതുവരെ ജൂറിയെ നിശ്ചയിച്ചിട്ടില്ല. സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും എ.ഐയുടെ ഉപയോഗം എങ്ങനെ നിയന്ത്രിക്കണമെന്ന കാര്യത്തിൽ പ്രതിസന്ധി നേരിടുന്ന മറ്റ് സാഹിത്യ പുരസ്‌കാരങ്ങൾക്ക് വെല്ലുവിളിയുയർത്തുകയാണ് ഇതിന്റെ ലക്ഷ്യം. മത്സരത്തിൽ പങ്കെടുക്കുന്നവർ 10,000 മുതൽ 50,000 വരെ വാക്കുകളുള്ള, ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു കൈയെഴുത്തുപ്രതി (Manuscript) സമർപ്പിക്കണം. കൂടാതെ, ആ രചന തയ്യാറാക്കാൻ ഉപയോഗിച്ച AI മോഡൽ ഏതാണെന്നും നൽകിയ പ്രോംപ്റ്റ് (AI-ക്ക് നൽകിയ നിർദേശം) എന്താണെന്നും സംബന്ധിച്ച വിവരങ്ങളും നൽകണം. ChatGPT, Claude, Gemini, LLaMA എന്നിവയുൾപ്പെടെ എല്ലാ പ്രധാന ഭാഷാ മോഡലുകളും ഉപയോഗിക്കാൻ അനുവാദമുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ലോകത്തെവിടെയും താമസിക്കാം. എന്നാൽ, സമർപ്പിക്കുന്ന രചന ഫ്രഞ്ച് ഭാഷയിലായിരിക്കണം. ഇതുവരെ ആരും വായിച്ചിട്ടില്ലാത്ത തരത്തിലുള്ള പുതുമയുള്ള ഒരു സൃഷ്ടിയുമായിരിക്കണം.

എ. ഐ ഉപയോഗിച്ചുള്ള രചനകളെക്കുറിച്ച് സാഹിത്യലോകത്ത് ചർച്ചകൾ ശക്തമാകുന്നതിനിടെ മനുഷ്യർ എഴുതിയ പുസ്തകങ്ങളെ തിരിച്ചറിയുന്നതിനുള്ള നടപടികളും പുരസ്കാരങ്ങളുടെ ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ഗവേഷണത്തിനും എഴുത്തുസംബന്ധമായ നിർദേശങ്ങൾക്കുമായി എ. ഐ ഉപയോഗിക്കുന്നത് എത്രത്തോളം അനുവദിക്കാം എന്നതടക്കമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.


Related Articles