നിലപാടുകളുടെ വലിയ ഇടയന്‍; ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി

News

നിലപാടുകളുടെ വലിയ ഇടയന്‍; ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി


ആ​ഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ പ്രാദേശിക സമയം 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മാർച്ച് 23 നായിരുന്നു അദ്ദേഹം ആശുപത്രിവാസം അവസാനിപ്പിച്ച് തിരിച്ചെത്തിയത്.

പന്ത്രണ്ട് വർഷം മുൻപ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെ മാർപാപ്പയുമായിരുന്നു. 731–741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാർപാപ്പയും അദ്ദേഹമാണ്. കര്‍ദ്ദിനാള്‍ എന്ന നിലയില്‍ ഒട്ടേറെ ഭരണപരമായ ചുമതലകള്‍ വഹിച്ച അദ്ദേഹം മാർപാപ്പമാർക്കിടയിൽ തീര്‍ത്തും വ്യത്യസ്തനായിരുന്നു. വിനയാന്വിതമായ പെരുമാറ്റവും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിക്കുന്നതായിരുന്നു രീതി. ആഡംബര വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍.


Related Articles