ഒ.വി. വിജയൻ സ്മാരക സമിതി എല്ലാ വർഷവും നൽകുന്ന ഒ.വി. വിജയൻ സ്മാരക സാഹിത്യപുരസ്കാരങ്ങളുടെ 2025 ലെ വിജയികളെ പ്രഖ്യാപിച്ചു. ഒ.വി. വിജയൻ സ്മാരക ചെറുകഥാ സമാഹാര പുരസ്‌കാരം ടി.പി. വേണുഗോപാലനും (തുന്നൽക്കാരൻ), നോവൽ പുരസ്‌കാരം കെ.വി. മോഹൻകുമാറിനും (ഉല), യുവകഥാ പുരസ്‌കാരം മേഘ്‌ന കെ-യ്ക്കും (അവനി വാഴ് വ് കിനാവ് കഷ്ടം) ലഭിച്ചു.
കഠിനമായ ജാതിവിവേചനത്തിൻ്റെയും സവർണ്ണ - അവർണ്ണ വേർതിരിവിൻ്റെയും സത്യസന്ധമായ ഒരു ഊഷ്ണമാപിനിയായി നിലകൊള്ളാൻ ടി.പി. വേണുഗോപാലൻ രചിച്ച 'തുന്നൽക്കാരൻ' എന്ന ചെറുകഥാസമാഹാരത്തിന് കഴിയുന്നുണ്ട്. സാംസ്കാരികവും സാമൂഹികവുമായ എല്ലാ മുന്നേറ്റങ്ങളേയും നിലംപരിശാക്കുന്നവിധത്തിൽ ഇപ്പോൾ ജാതി മത മേൽക്കോയ്മകളും ഫ്യൂഡൽ വിവേചനങ്ങളും പുതിയ രൂപത്തിൽ പ്രത്യക്ഷമാകുന്നത് ഇവിടെ വെളിപ്പെടുന്നു. നവസാങ്കേതിക വിദ്യകളിലും നവമാധ്യമങ്ങളിലുമുള്ള മുന്നേറ്റങ്ങളെപ്പോലും 'വിപരീത ഉപകരണ'ങ്ങളാക്കി മാറ്റാൻ പ്രതിലോമ ശക്തികൾക്ക് അനായാസം കഴിയുന്നു എന്നത് സമാഹാരം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം അപകട പ്രവണതകൾക്കെതിരെയുള്ള നിതാന്ത ജാഗ്രത കൂടിയാണ് 'തുന്നൽക്കാരൻ്റെ' സൂക്ഷ്മ രാഷ്ട്രീയം എന്ന് പറയാം എന്ന് ജൂറി വിലയിരുത്തി. പുരസ്‌കാര ഫലകം, പ്രശസ്തി പത്രം, 25000 രൂപ എന്നിവയടങ്ങുന്നതാണ് ചെറുകഥാ സമാഹാര പുരസ്‌കാരം. ഡോ .പി.മുരളി, രാജേഷ് മേനോൻ, മനോജ് വീട്ടിക്കാട് , മോഹൻദാസ് ശ്രീകൃഷ്ണപുരം, ആർ. ശാന്തകുമാരൻ, ടി.കെ. നാരായണദാസ്, ടി.ആർ. അജയൻ എന്നിവരടങ്ങുന്ന ജൂറിയാണ് ചെറുകഥാസമാഹാര പുരസ്‌കാരം നിർണ്ണയിച്ചത്.
ഒ.വി. വിജയൻ സ്മാരക നോവൽ പുരസ്‌കാരത്തിനു അർഹമായ 'ഉല' ആധുനികകാലഭാവുകത്വത്തിനനുസരിച്ച് നവീകരിക്കപ്പെട്ട ആഖ്യാനശൈലി കൈമുതലായ ആഴത്തിലുള്ള ചരിത്രനോവലാണെന്ന് ജൂറി വിലയിരുത്തി. പുരസ്‌കാര ഫലകം, പ്രശസ്തി പത്രം, 25000 രൂപ എന്നിവയടങ്ങുന്നതാണ് ഒ .വി. വിജയൻ സ്മാരക നോവൽ പുരസ്‌കാരം. ആഷാ മേനോൻ, രഘുനാഥൻ പറളി, ഡോ. പി. മുരളി, ഡോ. പി.ആർ. ജയശീലൻ, ടി.കെ. നാരായണദാസ്, ടി. ആർ. അജയൻ എന്നിവരടങ്ങുന്ന ജൂറിയാണ് നോവല്‍ വിജയിയെ തിരഞ്ഞെടുത്തത്
