എഴുത്തുകാരനും ആത്മീയചിന്തകനും നാരായണ ഗുരുകുല അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പുലർച്ചെ 3.55നായിരുന്നു അന്ത്യം.
1938-ൽ, തിരുവനന്തപുരം ജില്ലയിലെ നഗരൂരിൽ, സ്കൂൾ അധ്യാപകൻ ജി മാധവന്റെയും നാരായണിയുടെയും മകനായി ജനിച്ചു. സിവിൽ എൻജിനീയറിങ് വിദ്യാഭ്യാസത്തെത്തുടർന്ന് പൊതുമരാമത്തുവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1960-ൽ വർക്കല നാരായണഗുരുകുലത്തിൽ അന്തേവാസിയായിച്ചേരുകയും 1967-ൽ നടരാജഗുരുവിൽനിന്നും ബ്രഹ്‌മചാരീദീക്ഷ സ്വീകരിക്കുകയും ചെയ്തു. 1968-ൽ ഉദ്യോഗം രാജിവെച്ച് ധർമ്മ പ്രചാരകനായിത്തീർന്നു. 1985-ൽ നിത്യചൈതന്യയതിയിൽനിന്ന് സന്ന്യാസദീക്ഷ കിട്ടി. 1973-1989 കാലഘട്ടത്തിൽ 'ഗുരുകുലം' മാസികയുടെ പത്രാധിപരായിരുന്നു. 1987-ലെ മോസ്‌കോ ലോകമത വട്ടമേശസമ്മേളനത്തിൽ പങ്കെടുത്തു. ഗ്രീക്ക് ചിന്തകർ, പൂർണ്ണജനനം, പ്രബന്ധമാല, ന്യായദർശനം, വേദാന്തം-നാരായണഗുരുവരെ, ഹിന്ദുമതത്തിലെ ശാസ്ത്രവീക്ഷണം, The Philosophy of Narayanaguru, Functional Democracy–A failure in India, Karma and Reincarnation എന്നിവയാണ് സ്വതന്ത്രകൃതികളിൽ പ്രധാനം. ശ്രീനാരായണകൃതികൾ, ഭഗവദ് ഗീത, ഉപനിഷത്തുകൾ എന്നിവയ്ക്ക് ഭാഷ്യം രചിച്ചിട്ടുണ്ട്. 1999 മുതൽ നാരായണഗുരുകുലപ്രസ്ഥാനത്തിന്റെ അധ്യക്ഷനും ഗുരുവും.
ശ്രീനാരായണഗുരുവില്‍ ഉറവകൊണ്ട അറിവിലേക്കും അദ്വൈതത്തിലേക്കുമുള്ള യാത്ര ജന്മദൗത്യമായി കരുതുന്ന അദ്ദേഹത്തിന്റെ ജീവിതം പറയുന്ന 'ആത്മായനം' ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. 2018-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് 'ആത്മായന'ത്തിനായിരുന്നു. ശ്രീ നാരായണഗുരു കൃതികൾ സമ്പൂർണം: വ്യാഖ്യാനം, സുവിശേഷങ്ങൾ വേദാന്തദൃഷ്ടിയിൽ, അല്ലാഹുവിന്റെ നാമത്തിൽ, നിത്യചൈതന്യയതി: യതിസാരസർവസ്വം തുടങ്ങിയവയാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മറ്റ് പ്രധാനകൃതികൾ. 2024-ലെ പത്മശ്രീ പുരസ്കാരവും ലഭിച്ചു.
