ലോകസിനിമയുടെ ദൃശ്യഭാഷ തന്നെ മാറ്റിമറിച്ച ഹംഗേറിയന്‍ സംവിധായകന്‍ ബേലാ താര്‍ (70) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു. ഹംഗറിയുടെ ദേശീയ വാര്‍ത്താ ഏജന്‍സി എംടിഐ (MTI)-യിലൂടെ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ബെന്‍സ് ഫ്‌ലിഗാഫ് (Bence Fligauf) ആണ് താര്‍-ന്റെ മരണവിവരം അറിയിച്ചത്.
ആര്‍ട്ട്-ഹൗസ് സിനിമയുടെ ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നായിരുന്ന ബേലാ താര്‍. മനുഷ്യാവസ്ഥയുടെ ഏകാന്തതയും സാമൂഹിക യാഥാര്‍ഥ്യങ്ങളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ ഹൃദയം. സമയദൈര്‍ഘ്യമേറിയ ഷോട്ടുകളും മിനിമലിസ്റ്റിക് കഥാവിന്യാസവും ഉപയോഗിച്ച് ''സ്ലോ സിനിമ'' എന്ന ആശയത്തെ ലോകവേദിയില്‍ ഉറപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ് താര്‍.
നിരൂപകപ്രശംസ നേടിയ അദ്ദേഹത്തിന്റെ സാറ്റാന്റാങോ (Satantango) എന്ന ചിത്രം അതിന് ഉത്തമോദാഹരണമാണ്. ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം നിരവധി അന്താരാഷ്ട്രവേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുള്ളതുമാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ സ്വത്വബോധവും മഹത്വവുമാണ് ഈ സിനിമയുടെ പ്രമേയം.
