ആധുനിക ഇന്ത്യയുടെ ചരിത്രകാരൻമാരിൽ പ്രമുഖനായ ഡോ. കെ എൻ പണിക്കർ അന്തരിച്ചു. 90 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കേരള ചരിത്ര ഗവേഷണ കൗൺസിൽ അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് വിയോഗവാർത്തയെത്തിയത്. ഇന്ത്യൻ മതനിരപേക്ഷതയുടെ കാവലാളായി ചരിത്രം അടയാളപ്പെടുത്തിയ കെ എൻ പണിക്കർ ചരിത്ര രചനയിൽ മാർക്സിസ്റ്റ് രചനാരീതിയായിരുന്നു അവലംബിച്ചിരുന്നത്. അതുകൊണ്ടുതന്നെ വലതുപക്ഷ ബുദ്ധിജീവികളിൽ നിന്നും രാഷ്ട്രീയ സംഘടനകളിൽ നിന്നും പലപ്പോഴും കടുത്ത വിമർശനം ഏൽക്കേണ്ടിവന്നിട്ടുണ്ട്. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉയർച്ചയും അതിന്റെ ആശയാധിപത്യ ശ്രമങ്ങളും വസ്തുനിഷ്ഠമായ ചരിത്രരചനയിലൂടെ ചോദ്യം ചെയ്ത വ്യക്തിയായിരുന്നു ഡോ. കെ.എൻ. പണിക്കർ.
1936 ൽ ഗുരുവായൂർ തൈക്കാട് കണ്ടിയൂർ കുടുംബത്തിൽ കുഞ്ഞുപറമ്പിൽ കൃഷ്‌ണൻ നായരുടെയും ഇച്ചുകുട്ടിയമ്മയുടെയും മകനായി ജനനം. കണ്ടിയൂർ നാരായണ പണിക്കർ എന്നാണ് മുഴുവൻ പേര്. ചരിത്രകാരൻ, ചിന്തകൻ, മതനിരപേക്ഷതയുടെ സംരക്ഷകൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ രംഗത്തെ ബുദ്ധിജീവി എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറായിരുന്നു. തുടർന്ന് പന്ത്രണ്ട് വർഷം കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ ചെയർമാനായിരുന്നു. രാജസ്ഥാനിലെ മാര്‍വാഡി കുടുംബാംഗവും ചരിത്രകാരിയുമായിരുന്ന പരതേയായ ഉഷയാണ് ഭാര്യ.
എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്‌റ്റേറ്റ്സ്: റിലിജിയൻ ആൻഡ് പെസന്റെ അപ്‌റൈസിംഗ് ഇൻ മലബാർ(1989), കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ(1990), ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ(1968), കൾച്ചർ, ഐഡിയോളജി ആൻഡ് ഹെഗിമണി: ഇന്റലച്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ്നെസ്സ് ഇൻ കൊളോണിയൽ ഇന്ത്യ(1995), കമ്മ്യൂണൽ ത്രെട്ട്, സെക്കുലർ ചലഞ്ച്(1997), കണ്ടമ്പററി ഇന്ത്യ: കൾച്ചർ ആൻഡ് പൊളിറ്റിക്സ്(2002), ഇന്റെറോഗേറ്റിങ്ങ് കൊളോണിയൽ മോഡേണിറ്റി(2002) എന്നിവ ഡോ. കെ എൻ പണിക്കർ രചിച്ച പ്രധാന പുസ്തകങ്ങളിൽ ചിലതാണ്.
