ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സുപ്രധാന ഉത്തരവിട്ട മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. ഹക്കീം രചിച്ച 'ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും' എന്ന പുസ്തകം ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു. നിയമം അനുവദിച്ച രീതിയിൽ പുറത്തുവരേണ്ടിയിരുന്ന റിപ്പോർട്ടിലെ ഭൂരിഭാഗം പേജുകളും സർക്കാർ തടഞ്ഞുവെച്ച പശ്ചാത്തലത്തിൽ, റിപ്പോർട്ടിലെ പറയാക്കഥകൾ ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ പുസ്തകത്തിലൂടെ.
നടി ആക്രമിക്കപ്പെട്ട സംഭവം, മീടു പ്രസ്ഥാനവും വിമൻ ഇൻ സിനിമ കളക്ടീവും (WCC) തമ്മിലുള്ള സാദൃശ്യം, ചലച്ചിത്ര അക്കാദമിയുടെ പങ്ക്, റിപ്പോർട്ട് വെളിച്ചം കാണാതിരിക്കാൻ സർക്കാർ നടത്തിയ ചരടുവലികൾ, വിവരാവകാശ കമ്മീഷനിൽ സൃഷ്ടിച്ച തടസ്സങ്ങൾ, ഡിവിഷൻ ബഞ്ച് രൂപീകരിച്ച് അപേക്ഷകരോട് കാട്ടിയ ചതി എന്നിവയുൾപ്പെടെയുള്ള നിർണ്ണായക വിവരങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഡോ. ഹക്കീമിന്റെ അഭാവത്തിൽ വിവരാവകാശ കമ്മീഷൻ തൽപരകക്ഷികൾക്ക് കൂട്ടുനിന്നു എന്ന പരാതികൾ നിലനിൽക്കെയാണ് സർക്കാരിന്റെ ഒളിച്ചുകളികൾ ഈ പുസ്തകം തുറന്നുകാട്ടുന്നത്.
ജസ്റ്റിസ് ബി. കെമാൽ പാഷയാണ് പുസ്തകത്തിന് അവതാരിക കുറിച്ചിരിക്കുന്നത്. ജസ്റ്റിസ് കെ. ഹേമ, നടി ശാരദ, കെ.ബി. വത്സലകുമാരി എന്നിവരുടെ അഭിപ്രായങ്ങളും സുപ്രധാന അനുബന്ധ രേഖകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയുടെ പിന്നാമ്പുറങ്ങളിലെ അപ്രിയ സത്യങ്ങൾ വീണ്ടും സജീവ ചർച്ചയാക്കാൻ വഴിയൊരുക്കുന്നതാണ് ഈ രചന.
