വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

News

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു


കേരളത്തിലെ ആദ്യകാല നക്സലൈറ്റുകളിലൊരാളായ വെള്ളത്തൂവല്‍ സ്റ്റീഫന്‍ (82) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിയിരുന്നു. കോതമംഗലം വടാട്ടുപാറയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടത്തും. കേരളത്തിലെ നക്‌സലൈറ്റ് പോരാട്ടങ്ങളിലും സായുധ വിപ്ലവങ്ങളിലും കുന്നിക്കല്‍ നാരായണന്‍, നക്‌സല്‍ വര്‍ഗീസ്, കെ അജിത തുടങ്ങിയവരോടൊപ്പം നേതൃത്വപരമായ പങ്കുവഹിച്ച നേതാവായിരുന്നു വെള്ളത്തൂവല്‍ സ്റ്റീഫന്‍.

കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണില്‍ തറവാട്ടില്‍ സക്കറിയയുടെയും അന്നമ്മയുടെയും മകനായി ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറിയ കര്‍ഷകകുടുംബം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാര്‍ട്ടിയിലേക്ക്. ശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐ-യില്‍ തുടരുകയും, തുടര്‍ന്ന് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്കും എത്തിപ്പെട്ടു. തലശ്ശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലൂടെ നക്സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവമായി.

കേരളത്തിലുടനീളം വിപ്ലവപാര്‍ട്ടികള്‍ കെട്ടിപ്പടുക്കുന്നതില്‍ മുന്‍ നിരയിലുള്ള വ്യക്തിയാണ് സ്റ്റീഫന്‍. 1971-ല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കൊലക്കേസ് ഉള്‍പ്പെടെ പതിനെട്ട് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ജയിലില്‍വച്ചുതന്നെ ചാരുമജുംദാറിന്റെ ഉന്മൂലനമാര്‍ഗ്ഗത്തെ ഉപേക്ഷിച്ചു. പിന്നീട് അല്പകാലം സുവിശേഷപ്രവര്‍ത്തനത്തിലേക്ക് വഴിതിരിഞ്ഞുവെങ്കിലും പിന്നീട് എഴുത്തിന്റെ മേഖലയില്‍ സജീവമായി.


Related Articles