പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ഇന്ന് വെെകുന്നേരം അഞ്ച് മണിയോടെ തിരുവനന്തപുരം വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയിലായിരുന്നു അന്ത്യം. ഇതോടെ മലയാള സിനിമയെ അന്തർദേശീയതലങ്ങളിൽ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് ചലച്ചിത്രലോകത്തിന് നഷ്ടമായത്.
അദ്ദേഹത്തിന്റെ ആദ്യചിത്രത്തിന് തന്നെ (പിറവി) കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്.
പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ സിനിമകൾ മലയാളത്തിന് സമ്മാനിച്ച ഷാജി എൻ കരുൺ 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. 2023 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ഷാജി എൻ കരുണിനായിരുന്നു ലഭിച്ചത്.
